പുല്‍വാരി ശരീഫിലെ 'ഭീകരസംഘം': പോലിസ് ആരോപണങ്ങള്‍ തള്ളി വസ്തുതാന്വേഷണസംഘം

Update: 2022-07-21 16:59 GMT

പട്‌ന: പട്‌നയിലെ പുല്‍വാരി ശരീഫില്‍ നിന്ന് അറസ്റ്റിലായ മുസ് ലിംയുവാക്കള്‍ക്കെതിരേയുള്ള ഭീകരവാദ ആരോപണങ്ങള്‍ തള്ളി സിപിഐ(എംഎല്‍) നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം.

അറസ്റ്റിലായ നാല് യുവാക്കളുടെ കുടുംബങ്ങളില്‍ നേരിട്ട് സന്ദര്‍ശിച്ച് വസ്തുതകള്‍ പരിശോധിച്ചശേഷമാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. പ്രതികളെന്ന് ആരോപിക്കപ്പെട്ടവരുടെ കഴിഞ്ഞ കാലത്തെ പ്രവര്‍ത്തനങ്ങളും കൂട്ടുകെട്ടുകളും അവര്‍ പരിശോധിച്ചു. ഇവരില്‍ ആര്‍ക്കും ദേശവിരുദ്ധശക്തികളുമായി ഒരു ബന്ധവുമില്ലെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

'ഇവര്‍ ദേശവിരുദ്ധശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് ആരോപിക്കാവുന്ന ഒരു തെളിവുപോലും ലഭിച്ചി'ല്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

സിപിഐ(എംഎല്‍)നു പുറമെ ഇന്‍സാഫ് മഞ്ച്, ആള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം തുടങ്ങിയ സംഘടനകളിലെ പ്രതിനിധികളും പങ്കെടുത്തു.

ഇത്രയൊക്കെ സംഭവിച്ചിട്ടും മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പുലര്‍ത്തുന്ന മൗനത്തെ സംഘം കുറ്റപ്പെടുത്തി. 2024 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആസൂത്രണത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

പുല്‍വാരി ശരീഫ് ഒരു ഭീകരവാദകേന്ദ്രമാണെന്ന മട്ടില്‍ സര്‍ക്കാര്‍ മുഴുവന്‍ മുസ് ലിംസമൂഹത്തെയും ആരോപണത്തിന്റെ പരിധിയിലാക്കുകയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags: