ദേശീയ നിയമ കമ്മീഷന്റെ കാലാവധി 2024 ആഗസ്ത് 31 വരെ നീട്ടി

Update: 2023-02-23 01:46 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ 22ാമത് നിയമ കമ്മീഷന്റെ കാലാവധി 2024 ആഗസ്ത് 31 വരെ നീട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കമ്മീഷന്റെ മൂന്ന് വര്‍ഷത്തെ കാലാവധി ഫെബ്രുവരി 20ന് അവസാനിച്ച സാഹചര്യത്തിലാണ് കാലാവധി നീട്ടിനല്‍കിയത്. നാലുവര്‍ഷത്തിന് ശേഷം 2020 ഫെബ്രുവരി 21നാണ് 22ാമത് ലോ കമ്മീഷന്‍ രൂപീകരിച്ചത്.

2022 നവംബര്‍ 9ന് കേന്ദ്രസര്‍ക്കാര്‍ 22ാമത് ലോ കമ്മീഷന്‍ ചെയര്‍പേഴ്‌സനായി കര്‍ണാടകയിലെ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയെയും മറ്റ് അഞ്ച് അംഗങ്ങളെയും നിയമിച്ചിരുന്നു. കമ്മീഷന്‍ ചെയര്‍പേഴ്‌സനും അംഗങ്ങളും അടുത്തിടെയാണ് ചുമതലയേറ്റത്. പ്രസക്തമല്ലാത്ത നിയമങ്ങള്‍ കണ്ടെത്തുകയും നിര്‍ദേശ തത്വങ്ങള്‍ നടപ്പിലാക്കുന്നതിനും ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ആവശ്യമാമാവുന്ന പുതിയ നിയമനിര്‍മാണങ്ങള്‍ നിര്‍ദേശിക്കുകയെന്നതാണ് നിയമകമ്മീഷന്റെ ചുമതല.

ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ നല്‍കാന്‍ സര്‍ക്കാര്‍ 21ാമത് നിയമ കമ്മീഷനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് നിയമമന്ത്രി കിരണ്‍ റിജിജു അടുത്തിടെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ലോ കമ്മീഷനില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയം 22ാമത് നിയമ കമ്മീഷന്‍ പരിഗണനയ്ക്കായി എടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

Tags: