വിദ്യാര്‍ഥിനി കെട്ടിടത്തിനുമുകളില്‍ നിന്നുവീണു മരിച്ച സംഭവം; സംഘര്‍ഷഭരിതമായി ബിഹാറിലെ നളന്ദ കോളജ്
കൊല്‍ക്കത്ത: വിദ്യാര്‍ഥിനി കെട്ടിടത്തിനുമുകളില്‍ നിന്നുവീണുമരിച്ചതിനേ തുടര്‍ന്ന് സംഘര്‍ഷഭരിതമായി ബിഹാറിലെ ചാണ്ടിയിലെ നളന്ദ കോളജ്. വിദ്യാര്‍ഥിയുടെ മരണത്തിനുത്തരവാദി കോളജ് അധികൃതര്‍ കൂടിയാണെന്നു ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.
നളന്ദ കോളജിലെ വിദ്യാര്‍ഥിനിയായ സോനം കുമാരിയാണ് ഇക്കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നുവീണു മരിച്ചത്. പരീക്ഷയിലെ മാര്‍ക്ക് കുറഞ്ഞതിനേ തുടര്‍ന്നാണ് വിദ്യാര്‍ഥിനി മരിച്ചത് എന്നാണ് ആരോപണമുയര്‍ന്നതെങ്കിലും കുടുംബം അത് നിഷേധിക്കുകയായിരുന്നു.
വീണതിനേ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കോളജ് പ്രിന്‍സിപ്പലിനോട് കോളജ് വാഹനം വിട്ടുതരണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും അധ്യാപകന്‍ നല്‍കിയില്ല. വാഹനം വൃത്തികേടാവുമെന്നായിരുന്നു ഇയാള്‍ നല്‍കിയ മറുപടി. ഇത് വിദ്യാര്‍ഥിനിയുടെ മരണത്തിന് ആക്കം കൂട്ടിയെന്നും കൃത്യസമയത്ത് എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ അവര്‍ രക്ഷപ്പെടുമായിരുന്നെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
പ്രിന്‍സപ്പലിനെതിരേ കേസെടുക്കണമെന്നും അല്ലാതെ തങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ആശുപത്രിയിലെ പരിസരത്തും വിദ്യാര്‍ഥികളും പോലിസും തമ്മില്‍ ഏറ്റുമുട്ടി. വിദ്യാര്‍ഥികള്‍ പോലിസിന്റെ വാഹനത്തിനുനേരെ കല്ലെറിയുകയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ അക്രമം അഴിച്ചുവിടുകയും ചെയ്തു.