കരിക്ക് വില്‍പനക്കാരന്‍ ആംബുലന്‍സ് ഓടിക്കാന്‍ ശ്രമിച്ചു; അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്‌

കോട്ടയം കിടങ്ങൂര്‍ കട്ടച്ചിറയിലാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ കരിക്ക് വില്പനക്കാരന്‍ ഓടി രക്ഷപ്പെട്ടു.

Update: 2021-12-04 03:54 GMT

കോട്ടയം: കട്ടച്ചിറ മാവില്‍ചുവട്ടില്‍ കരിക്ക് വില്പനക്കാരന്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് ഓടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്. അപകടത്തിനു പിന്നാലെ കരിക്ക് വില്പനക്കാരന്‍ ഓടി രക്ഷപ്പെട്ടു.

പാലാ ജനറല്‍ ആശുപത്രിയുടെ ആംബുലന്‍സ് ആണ് അപകടത്തില്‍പെട്ടത്. ആംബുലന്‍സ് െ്രെഡവര്‍ കരിക്ക് കുടിക്കാനായി വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം കരിക്ക് വില്പനക്കാരനായിരുന്ന പിറയാര്‍ സ്വദേശിയായ മുരുകന്‍ ആംബുലന്‍സില്‍ കയറി വാഹനം സ്റ്റാര്‍ട്ട് ചെയ്തു. ഗിയറിട്ടതോടെ ആംബുലന്‍സ് മുന്നോട്ടു കുതിച്ചു. മുന്നിലുണ്ടായിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച ആംബുലന്‍സ് രണ്ട് ഓട്ടോറിക്ഷയിലും ഇടിച്ചു.ബൈക്കില്‍ ഇരിക്കുകയായിരുന്ന കടപ്പൂര്‍ സ്വദേശി കുഞ്ഞുമോന് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിനും മരത്തിനും ഇടയില്‍പെട്ട് ബൈക്ക് ഞെരിഞ്ഞമര്‍ന്നു.ഒരു ഓട്ടോ റോഡില്‍ തലകീഴായിമറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ക്കും നിസ്സാര പരിക്കേറ്റു. ഈരാറ്റുപേട്ട സ്വദേശി ജബ്ബാര്‍, പാലാ സ്വദേശി സണ്ണി ജോസഫ് എന്നിവരുടേതാണ് ഓട്ടോറിക്ഷകള്‍. ജബ്ബാറിന്റെ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നവര്‍ക്കും നിസ്സാര പരിക്കുണ്ട്.വാഹനത്തിനിടയില്‍പെട്ട സണ്ണി ജോസഫ് നിസ്സാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

മെഡിക്കല്‍ കോളജില്‍ രോഗിയെ എത്തിച്ചതിന് ശേഷം തിരിച്ചു വരുകയായിരുന്നു ആംബുലന്‍സ്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കിടങ്ങൂര്‍ എസ്‌ഐ കുര്യന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പോലിസ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചു.

കരിക്ക് വില്‍പനക്കാരനായ മുരുകനെതിരേ കേസെടുത്തിട്ടുണ്ടെന്ന് എസ്‌ഐ കുര്യന്‍ മാത്യു പറഞ്ഞു. കരിക്കുകടയുടെ മുന്നില്‍ പാര്‍ക്കുചെയ്ത ശേഷമാണ് ഡ്രൈവര്‍ കരിക്ക് കുടിച്ചത്. റോഡിന് മറുവശത്തേക്ക് പോയപ്പോള്‍ മുരുകന്‍ വാഹനം മാറ്റിയിടാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ഇയാള്‍ വാഹനം ഓടിക്കുന്നയാളാണെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News