റിലയന്‍സ് ഗ്രൂപ്പുമായുള്ള കേസില്‍ ആമസോണിന് താല്‍ക്കാലിക വിജയം

കരാര്‍ നിലവില്‍ വന്നാല്‍ ബിഗ്ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി, എഫ്ബിബി, ഫുഡ്ഹാള്‍ ഉള്‍പ്പെടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ എല്ലാ റീടെയില്‍ ശൃഖലകളും റിലയന്‍സിന് കീഴിലാകും.

Update: 2020-10-26 11:42 GMT

സിങ്കപ്പൂര്‍: മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പുമായുള്ള കേസില്‍ യുഎസ് റീട്ടെയില്‍ ഭീമന്‍ ആമസോണിന് താല്‍ക്കാലിക വിജയം. റിലയന്‍സിന് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ വില്‍ക്കുന്നത് സിംഗപ്പൂര്‍ തര്‍ക്കപരിഹാര കോടതി തടഞ്ഞു. തര്‍ക്കത്തില്‍ ഇടക്കാല സ്റ്റേയാണ് കോടതി പുറപ്പെടുവിച്ചത്. ഇതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ചില്ലറ വ്യാപാര ബിസിനസ് പൂര്‍ണമായി ഏറ്റെടുക്കാനുള്ള റിലയന്‍സിന്റെ നീക്കങ്ങള്‍ക്കാണ് തിരിച്ചടിയേറ്റത്. 24,713 കോടി രൂപയുടെ ഇടപാടാണ് മുടങ്ങിയത്.

കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുളള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്യാത്ത കമ്പനിയായ ഫ്യൂച്ചര്‍ കൂപ്പണ്‍സ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരി പങ്കാളിത്തം ആമസോണിനുണ്ട്. അന്നത്തെ ധാരണപ്രകാരം മൂന്നുമുതല്‍ പത്തുവര്‍ഷം കൊണ്ട് കൂപ്പണ്‍സ് ലിമിറ്റഡിന്റെ കൈവശമുള്ള ഫ്യൂച്ചര്‍ റീട്ടെയില്‍ ഓഹരികള്‍ വാങ്ങാന്‍ ആമസോണിന് അവകാശമുണ്ട്. ഫ്യൂച്ചര്‍ റീട്ടെയിലിന്റെ 7.3 ശതമാനം ഓഹരികളാണ് ഫ്യൂച്ചര്‍ കൂപ്പണ്‍സിന്റെ പക്കലുള്ളത്. ഇതിനിടെ ബിസിനസ് കടബാധ്യതയില്‍പ്പെട്ടതോടെ കിഷോര്‍ ബിയാനി റീടെയില്‍ ശൃഖലകള്‍ പൂര്‍ണമായി മുകേഷ് അംബാനിക്ക് വിറ്റു. ഈ ഇടപാടാണ് മുടങ്ങിയത്.

കരാര്‍ നിലവില്‍ വന്നാല്‍ ബിഗ്ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി, എഫ്ബിബി, ഫുഡ്ഹാള്‍ ഉള്‍പ്പെടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ എല്ലാ റീടെയില്‍ ശൃഖലകളും റിലയന്‍സിന് കീഴിലാകും. ഇതോടെ തങ്ങളുമായുള്ള കരാര്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ലംഘിച്ചെന്ന ആരോപണവുമായി ആമസോണ്‍ രംഗത്തെത്തുകയായിരുന്നു.

Tags:    

Similar News