മഹാരാഷട്രയില്‍ തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി

Update: 2020-11-14 11:19 GMT

മുംബൈ: മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. കൊവിഡ് സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിച്ചാവും ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കുക. മാര്‍ച്ച് മുതല്‍ മഹാരാഷ്ട്രയിലും മറ്റ് മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കാരണം ആരാധനാലയങ്ങളില്‍ പ്രവേശനം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയുടെ പിന്തുണയോടെ തുറക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു.

കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ അടച്ചത്. പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കിയപ്പോഴും സുരക്ഷ മുന്‍നിര്‍ത്തി ആരാധനാലയങ്ങള്‍ തുറക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയാറായിരുന്നില്ല. മാസ്‌ക് നിര്‍ബന്ധമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ ദീപാവലിക്ക് ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. അതേസമയം ദീപാവലിക്ക് ശേഷം (9 മുതല്‍ 12 വരെ ക്ലാസുകള്‍ക്ക്) സ്‌കൂളുകള്‍ പുനരാരംഭിക്കാന്‍ സജ്ജമാക്കിയിട്ടുണ്ടെന്നും താക്കറെ അറിയിച്ചു.




Similar News