കൊല്ലം: ചിതറയില്‍ പതിനാറുകാരിയെ നിരന്തര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍. ചിതറ കുറക്കോട് സ്വദേശിയായ അഭിന്‍ (22) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രതിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് ഇത് പലതവണ ആവര്‍ത്തിക്കുകയും ചെയ്തു.പീഡനവിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡനം തുടര്‍ന്നിരുന്നത്.
നിരന്തരമായ പീഡനത്തെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി, കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയില്‍ വെച്ച് നടത്തിയ കൗണ്‍സിലിങിലാണ് പെണ്‍കുട്ടി താന്‍ നേരിട്ട പീഡന വിവരം പുറത്തുപറഞ്ഞത്. പിന്നീട് നടന്ന അന്വേഷണത്തില്‍ പോലിസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.