ക്ഷേത്രങ്ങള്‍ക്കെതിരേ ആക്രമണം: അറസ്റ്റിലായ 21 പേര്‍ക്കും ബിജെപി, ടിഡിപി ബന്ധം

Update: 2021-01-17 05:18 GMT

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ അറസ്റ്റിലായ 21 പേര്‍ക്കും ബിജെപിയുമായോ ടിഡിപിയുമായോ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍. ആന്ധ്രപ്രദേശ് ഡിജിപി ഗൗതം സവാങ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതുവരെ വിവിധ കേസുകളിലായി 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് പേര്‍ ഒളിവിലാണ്. അറസ്റ്റിലായ 15ല്‍ 13 പേര്‍ തെലുങ്കുദേശം പാര്‍ട്ടിയുമായി ബന്ധമുള്ളവരും രണ്ട് പേര്‍ ബിജെപിക്കാരുമാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് നിരവധി ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. ചില ക്ഷേത്രങ്ങളില്‍ ആക്രമണം നടന്നിട്ടില്ല, കാലപ്പഴക്കം കൊണ്ട് കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു. ഇവയെയും ക്ഷേത്രങ്ങള്‍ക്കെതിരേയുള്ള ആക്രമണമെന്ന പേരില്‍ ചിലര്‍ പ്രചാരണം നടത്തിയിരുന്നു. വ്യാജപ്രചാരണത്തിന്റെ പേരിലും പോലിസ് ചിലരെ അറസ്റ്റ് ചെയ്യുകയോ കേസില്‍ പ്രതിചേര്‍ക്കുകയോ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്തുവിട്ട റിപോര്‍ട്ടനുസരിച്ച് 17 ടിഡിപി അംഗങ്ങളും നാല് ബിജെപി അംഗങ്ങളുമാണ് സംഭവങ്ങള്‍ക്ക് പിന്നില്‍.

അതേസമയം തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ബിജെപി, ടിഡിപി നേതാക്കള്‍ ആരോപിച്ചു.

സംസ്ഥാനത്ത് വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ദിവസങ്ങളിലാണ് ക്ഷേത്രങ്ങള്‍ക്കെതിരേ ആക്രമണങ്ങള്‍ നടക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ജഗ് മോഹന്‍ റെഡ്ഢി പറഞ്ഞു. രാഷ്ട്രീയ ഗറില്ലായുദ്ധമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. തന്റെ സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളെ മറച്ചുവയ്ക്കുന്നതിനുള്ള പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണ് സംഭവങ്ങള്‍ക്കു പിന്നിലെന്നാണ് ആരോപണം.

സംസ്ഥാനത്ത് 19 മാസത്തിനിടയില്‍ 120 ആക്രമണങ്ങള്‍ നടന്നതായി മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍ ചന്ദ്രബാബുനായിഡുവും പറയുന്നു. അതില്‍ 23 പ്രതിഷ്ഠകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആറ് ക്ഷേത്രങ്ങള്‍ തകര്‍ത്തു. ഒരു ക്ഷേത്രം നിലംപരിശായി. 16ാം നൂറ്റാണ്ടില്‍ ഗോവയില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തിനു സമാനമാണ് ഇതെന്ന് ബിജെപി ആരോപിച്ചു. ചില പ്രത്യേക മതത്തെ മുഖ്യമന്ത്രി പിന്തുണയ്ക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

ഒരു കേസില്‍ ടിഡിപി അനുഭാവിയായ സി മധുസൂധന്‍ റെഡ്ഢിയെ അറസ്റ്റു ചെയ്തിരുന്നു. രണ്ട് വര്‍ഷം മുമ്പ് സംഭവിച്ച ഒരു ആക്രമണം പുതിയതെന്ന മട്ടില്‍ പോസ്റ്റ് ചെയ്തതിനായിരുന്നു അറസ്റ്റ്.

സപ്തംബര്‍ 12ന് മറ്റൊരു കേസില്‍ 2 ടിഡിപി, 2 ബിജെപി അംഗങ്ങള്‍ രാജമുണ്‍ട്രിയില്‍ അറസ്റ്റിലായിരുന്നു. പ്രദേശത്തെ ഗണേശ വിഗ്രഹത്തിന് കേടുവരുത്തിയെന്നാരോപിച്ച് എഫ്ബി പോസ്റ്റിട്ടതിനായിരുന്നു അറസ്റ്റ്. അത്തരമൊരു സംഭവമേയുണ്ടായിട്ടില്ലെന്നാണ് പോലിസ് പറയുന്നത്.

ഡിസംബര്‍ 5 ന് ടിഡിപി അനുഭാവിയായ ബി സുബ്ബറെഡ്ഢിയെ വിഗ്രഹത്തില്‍ ചെരുപ്പുമാലയിട്ടതിന് അറസ്റ്റ് ചെയ്തു. മറ്റൊരു കേസില്‍ കുര്‍ണൂലില്‍ ക്ഷേത്രത്തിനെതിരേ ആക്രമണം നടത്തിയതിന് ഡിസംബര്‍ 28ന് നാല് ടിഡിപിക്കാരെ അറസ്റ്റ് ചെയ്തു. സയ്യിദ് ഫക്‌റുദ്ദീന്‍, ബി ജയരാമുഡു, ജി രാമന്‍ജനേയുലു, ജി പെഡ്ഡയ്യ തുടങ്ങിയവരാണ് അറസ്റ്റിലായത്.

Tags:    

Similar News