ഹൈദരാബാദ്: തെലങ്കാന മു ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്ഡി അന്തരിച്ചു. (86) വയസ്സായിരുന്നു. 2014 മുതല്‍ 2018 വരെ മന്ത്രിയായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. തെലങ്കാന രാഷ്ട്രീയ സമിതി (ടിആര്‍എസ്) പാര്‍ട്ടിയുടെ സ്ഥാപന നേതാക്കളില്‍ ഒരാളാണ് റെഡ്ഡി.
നേരത്തെ കൊവിഡ് ബാധിതനായിരുന്നെങ്കിലും പിന്നീട് രോഗമുക്തി നേടി. എന്നാല്‍ പിന്നീടുണ്ടായ ചില ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 12.25 ഓടെയായിരുന്നു അന്ത്യം. കൊവിഡിനു പിന്നാലെ ശ്വാസകോശത്തിന് ബാധിച്ച ഗുരുതരപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ചത്. റെഡ്ഡിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു അനുശോചനം അറിയിച്ചു. പ്രത്യേക തെലങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും സംസ്ഥാന ഭരണത്തിലും തനിക്കൊപ്പം പ്രവര്‍ത്തിച്ചയാളായിരുന്നു റെഡ്ഡിയെന്ന് റാവു അനുസ്മരിച്ചു. റെഡ്ഡിയുടെ സ്ഥിതി അതീവ ഗുരുതരമായതോടെ കെ.സി.ആര്‍ ഇന്നലെ ആശുപത്രിയിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.