ശിവന്റെ അവതാരമെന്ന് അവകാശപ്പെട്ടു; ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രി മയക്കുമരുന്ന് അടിമയെന്ന് ഭാര്യ

Update: 2019-08-07 13:41 GMT

പട്‌ന: ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രി തേജ്പ്രതാപ് യാദവ് മയക്കുമരുന്നിന് അടിമയായിരുന്നെന്ന് ഭാര്യയുടെ മൊഴി. മുന്‍ ബിഹാര്‍ മുഖ്യമന്ത്രിമാരായിരുന്ന ലാലു പ്രസാദ് യാദവിന്റെയും റാബ്‌റി ദേവിയുടെയും മകനാണ് തേജ്പ്രതാപ് യാദവ്. തേജ്പ്രതാപില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ ഐശ്വര്യ റായി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വെളിപ്പെടുത്തല്‍. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന തേജ്പ്രതാപ് ശിവ ഭഗവാന്റെ അവതാരമാണെന്ന് അവകാശപ്പെട്ടിരുന്നു.

തേജ്പ്രതാപ് വിചിത്ര സ്വഭാവമുള്ള ആളാണെന്നും ഐശ്വര്യ കോടതിയില്‍ പറഞ്ഞു. 2018മെയിലായിരുന്നു ഐശ്വര്യയും തേജ് പ്രതാപും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ചുമാസത്തിന് ശേഷം പട്‌ന കോടതിയില്‍ വിവാഹമോചന ഹരജിയും നല്‍കി.

ചില സമയങ്ങളില്‍ സ്ത്രീകളുടെ ബ്ലൗസും പാവാടയും അണിഞ്ഞ് നീളമുള്ള കൃത്രിമ മുടിയും ധരിച്ച് രാധയാണെന്ന് പറഞ്ഞ് തേജ്പ്രതാപ് അഭിനയിച്ചിരുന്നെന്നും ഐശ്വര്യ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.തേജ്പ്രതാപിന്റെ മാതാപിതാക്കളോട് പരാതിപ്പെട്ടപ്പോള്‍ സ്വഭാവം മാറുമെന്ന് അവര്‍ ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഐശ്വര്യ വെളിപ്പെടുത്തി. ഗാര്‍ഹികപീഡന സംരക്ഷണ നിയമം അനുസരിച്ച് തനിക്ക് സുരക്ഷ വേണമെന്നും ഐശ്വര്യ കോടതിയോട് ആവശ്യപ്പെട്ടു.