തീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന്‍ പണയംവെച്ച് 50 പേരെ രക്ഷിച്ച് കൗമാരക്കാരന്‍

Update: 2024-04-27 09:09 GMT

ഹൈദരാബാദ്: തീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന്‍ പണയംവെച്ച് 50 പേരെ രക്ഷിച്ച് കൗമാരക്കാരന്‍. സായ് ചരണ്‍ എന്നയാളാണ് നന്ദിഗാമയിലെ അല്‍വെയ്ന്‍ ഫാര്‍മ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് 50ഓളം പേരെ സാഹസികമായി രക്ഷിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഫാര്‍മ കമ്പനിയില്‍ തീപിടിത്തമുണ്ടായത്.

കമ്പനിയില്‍ വെല്‍ഡിങ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ വെല്‍ഡിങ് മിഷ്യനില്‍ നിന്നും തീപടരുകയായിരുന്നു. തീപടര്‍ന്നത് കണ്ട സായ്ചരണ്‍ സ്വന്തം സുരക്ഷ നോക്കാതെ കെട്ടിടത്തിന് മുകളിലേക്ക് കയറി താഴെയുള്ള തൊഴിലാളികള്‍ക്ക് കയറിട്ട് കൊടുക്കുകയായിരുന്നു. കയറില്‍ പിടിച്ച് തൊഴിലാളികള്‍ തീപിടിച്ച കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് എത്തുകയായിരുന്നു. സായ് ചരന്റെ ധീരതയാണ് 50 തൊഴിലാളികളെ മരണത്തില്‍ നിന്നും രക്ഷിച്ചത്.

മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സായ്ചരണിന്റെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തി. പിന്നീട് രണ്ട് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് കമ്പനിയിലെ തീയണച്ചത്. തീപിടിത്തത്തിനിടെ രക്ഷപ്പെടാന്‍ കഴിയാതിരുന്ന ചിലരെ ഫയര്‍ഫോഴ്‌സെത്തി കമ്പനിയിലെ ഗ്ലാസ് പൊട്ടിച്ചാണ് പുറത്തെടുത്തത്.

Tags:    

Similar News