ബൈക്ക് അപകടത്തില്‍ അധ്യാപകന്‍ മരിച്ചു

Update: 2025-09-25 07:34 GMT

കട്ടപ്പന: ബൈക്ക് അപകടത്തില്‍ കോളേജ് അധ്യാപകന്‍ മരിച്ചു. കുമളി മുരിക്കടി സ്വദേശിയും പുളിയന്‍മല ക്രൈസ്റ്റ് കോളജ് അധ്യാപകനുമായ ജോയ്സ് പി ഷിബു(25)ആണ് മരിച്ചത്. ജോയ്സ് ഓടിച്ചിരുന്ന ബൈക്ക് ഓട്ടോയിലിടിച്ച് റോഡിലേക്ക് മറിഞ്ഞുവീണ് ശരീരത്തില്‍ ലോറി കയറിയിറങ്ങിയാണ് അപകടം.

വ്യാഴാഴ്ച രാവിലെ 8.15 ഓടെ പുളിയന്‍മല-തൊടുപുഴ റോഡില്‍ പുളിയന്‍മല കമ്പനിപ്പടിയിലാണ് അപകടം. പുളിയന്‍മല ഭാഗത്തുനിന്ന് കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്ന ജോയ്‌സിന്റെ ബൈക്ക് മുന്നില്‍ പോവുകയായിരുന്ന ഓട്ടോയിലിടിച്ചശേഷം റോഡിലേയ്ക്ക് മറിയുകയായിരുന്നു. ഈസമയം എതിരേവന്ന ലോറി ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.

ഇതുവഴിയെത്തിയ യാത്രക്കാര്‍ ചേര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ജോയ്‌സ് മരിക്കുകയായിരുന്നു. ക്രൈസ്റ്റ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ ജോയ്‌സ് ബിബിഎ അധ്യാപകനായി ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലാണുളളത്. വണ്ടന്‍മേട് പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Tags: