യുപിയില്‍ അധ്യാപകനും വിദ്യാര്‍ത്ഥിനിയും തൂങ്ങിമരിച്ച നിലയില്‍

Update: 2022-09-21 09:26 GMT

സഹറന്‍പൂര്‍: യുപിയിലെ സഹറന്‍പൂരില്‍ അധ്യാപകനെയും പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

17 വയസ്സുള്ള ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും 40കാരനായ അധ്യാപകനെയും ചൊവ്വാഴ്ച വൈകിട്ടാണ് കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് വിപിന്‍ ടാഡ പറഞ്ഞു. സെപ്റ്റംബര്‍ 3 മുതലാണ് ഇവരെ കാണാതായതെന്നും ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന ഒരു പരാതി നേരത്തെ കുടുംബം നല്‍കിയിരുന്നു. പോലിസ് അവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.

പ്രദേശത്ത് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പോലിസ് അന്വേഷണം നടത്തിയത്. രണ്ട് മൃതദേഹങ്ങളും ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. പത്തുദിവസം മുമ്പാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പോലിസിന്റെ നിഗമനം. 

പ്രദേശത്ത് നിന്ന് ഒരു ബൈക്കും കണ്ടെടുത്തു. എന്നാല്‍ ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.