കൊവിഡ് ഭേദമായ 3.2 ശതമാനം പേരില്‍ ടി ബി; കൊവിഡ് ഭേദമായവര്‍ പരിശോധനക്ക് വിധേയമാകണമെന്ന് കര്‍ണാടക

Update: 2021-08-17 18:49 GMT

ബെംഗളൂരു: കൊവിഡ് ഭേദമായവരും അവരുടെ കുടുംബാംഗങ്ങളും ടി ബി പരിശോധനക്ക് വിധേയമാകണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍. രോഗം ബാധിച്ചവര്‍ സ്വമേധയാ പരിശോധനക്ക് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

വിധാന്‍സൗധയില്‍ നടന്ന പ്രത്യേക ടി ബി പരിശോധനാ കാംപയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്ത് 16 മുതല്‍ 31 വരെയാണ് ടി ബി പരിശോധനാ കാംപയിന്‍ നടക്കുന്നത്.

''കൊവിഡ് ഭേദമായവരെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്ത് 28 ലക്ഷം പേരാണ് രോഗമുക്തരായത്. കൊവിഡും ടി ബിയും ശ്വാസകോശങ്ങളെ ബാധിക്കുന്നവയായതിനാലാണ് അതിനെ നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്''- മന്ത്രി പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ തന്നെ ടി ബി കണ്ടെത്തിയാല്‍ ചികില്‍സിച്ച് ഭേദമാക്കാനാവും. ഇതുവരെ കൊവിഡ് രോഗം ഭേദമായ 3.9 ശതമാനം പേര്‍ക്കാണ് കൊവിഡ് രോഗം കണ്ടുവരുന്നത്. 2025ഓടെ ഇന്ത്യയെ ടി ബി മുക്തമാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.