400 മീറ്റര്‍ യാത്രയ്ക്ക് 18,000 രൂപ ഈടാക്കി; വിദേശ സഞ്ചാരിയെ വഞ്ചിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Update: 2026-01-30 10:49 GMT

മുംബൈ: യുഎസില്‍ നിന്നെത്തിയ വിദേശ സഞ്ചാരിയില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കിയ സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ ദേശ് രാജ് യാദവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സമീപത്തെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്കുള്ള വെറും 400 മീറ്റര്‍ ദൂരയാത്രയ്ക്ക് 18,000 രൂപയാണ് ഇയാള്‍ ഈടാക്കിയത്.

യാത്രക്കാരി തനിക്കുണ്ടായ അനുഭവം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകത്തെത്തിയത്. തുടര്‍ന്ന് പോലിസ് സ്വമേധയാ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍, യാത്രക്കാരിയെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഡ്രൈവര്‍ ഏകദേശം 20 മിനിറ്റ് അന്ധേരി പ്രദേശത്ത് കാറോടിച്ച ശേഷം, യാത്ര ആരംഭിച്ച സ്ഥലത്തിനടുത്തുള്ള അതേ ഹോട്ടലിലെത്തിച്ചതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ടാക്‌സി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ പോലിസ് ആരംഭിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.

Tags: