ടാറ്റ എലെക്‌സി കിന്‍ഫ്രയുമായി ധാരണാപത്രം ഒപ്പുവച്ചു

Update: 2022-04-26 14:39 GMT

തിരുവനന്തപുരം: ടാറ്റ എലെക്‌സി ഐ.ടി ബിസിനസ്സും ഗവേഷണ വികസന സൗകര്യങ്ങളും വിപുലീകരിക്കുന്നതിനായി കിന്‍ഫ്രയുമായി ധാരണാപത്രം ഒപ്പിട്ടു. കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ നിര്‍മിച്ച കെട്ടിടം ടാറ്റ എലെക്‌സിക്ക് ഇന്ന് കൈമാറി.

67 കോടി രൂപ ചിലവില്‍ 2.17 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 9 നിലകളുള്ള ഒരു കെട്ടിടസമുച്ചയമാണ് കിന്‍ഫ്ര നിര്‍മിച്ചിരിക്കുന്നത്. ഐ.ടി ഐ.ടി.ഇ.എസ് സ്ഥാപനങ്ങള്‍, സുഗമമായി പ്രവര്‍ത്തിക്കുന്നതിന് എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്ന മള്‍ട്ടി സ്‌റ്റോര്‍ കെട്ടിടം ഗ്രീന്‍ ബില്‍ഡിംഗ് ആശയം അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചത്.

ഇതുവഴി അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 2,500 പേര്‍ക്ക് നേരിട്ടും 1,500 ഓളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ ടാറ്റ എലെക്‌സി ഓരോ വര്‍ഷവും 800ലധികം പുതിയ ബിരുദധാരികളെ റിക്രൂട്ട് ചെയ്യുകയും ചെയ്യും. ടാറ്റ എലെക്‌സി കിന്‍ഫ്രയിലെ പുതിയ ഐ.റ്റി കെട്ടിടത്തില്‍ അവരുടെ വൈദദ്ധ്യം വിപുലീകരിക്കുന്നതോടൊപ്പം ഗവേഷണ വികസന സൗകര്യങ്ങള്‍ക്കായുള്ള വിഭാഗവും ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.

ആരോഗ്യ മേഖല കമ്മ്യൂണിക്കേഷന്‍സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എന്നീ മേഖലകളിലും അവര്‍ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, മൊബിലിറ്റി എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. വാഹന നിര്‍മ്മാണ മേഖലയില്‍ ജാഗ്വാര്‍, ലാന്‍ഡ് റോവര്‍, മെഴ്‌സിഡസ് ബെന്‍സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ സംരംഭങ്ങളുമായും ടാറ്റ എലെക്‌സി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 

Tags:    

Similar News