എയര്‍ ഇന്ത്യ ഔദ്യോഗികമായി ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തു

Update: 2022-01-27 13:33 GMT

ന്യൂഡല്‍ഹി; എയര്‍ ഇന്ത്യ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറി. ഔപചാരികമായ കൈമാറലിന്റെ ഭാഗമായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 8നാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്റെ സബ്‌സിഡിയറിയായ തലേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറിയത്. 18,000 കോടി രൂപക്കായിരുന്നു കൈമാറ്റം.

എയര്‍ ഇന്ത്യയുടെ കൈമാറ്റം പൂര്‍ത്തിയായതില്‍ താന്‍ അതിയായി സന്തോഷിക്കുന്നതായി നടരാജന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഏറ്റെടുത്ത് 69 വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരികെ ടാറ്റയിലേക്ക് തന്നെ കമ്പനി പോകുന്നത്. അന്താരാഷ്ട്ര ബിഡിങില്‍ ടാറ്റയാണ് മുന്നിലെത്തിയതെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

തുടര്‍ന്നാണ് 100 ശതമാനം ഷെയറും ടാറ്റയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡിസംബര്‍ അവസാനത്തോടെ കൈമാറ്റം പൂര്‍ത്തിയാക്കാനായിരുന്നു അന്നത്തെ തീരുമാനം. പിന്നീട് ഇത് ജനുവരിയിലേക്ക് നീട്ടി. അന്താരാഷ്ട്ര ഏജന്‍സികളുടെ അനുമതിയും കമ്പനിയുടെ ബാലന്‍സ് ഷീറ്റും മറ്റും ലഭിക്കുന്നതിനുള്ള കാലതാമസവുമായിരുന്നു വൈകലിനു പിന്നില്‍.

18,000 കോടിയില്‍ 2,700 കോടിയാണ് സര്‍ക്കാരിന് ലഭിക്കുക, ബാക്കി കടം അടച്ചുവീട്ടാനുള്ളതാണ്.

1932ലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ഇന്ത്യ ആരംഭിച്ചത്. പിന്നീട് 1953ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രു എയര്‍ ഇന്ത്യ ദേശസാല്‍ക്കരിച്ചു.