താനൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്‍ മണ്ഡലപര്യടനം നടത്തി

Update: 2021-03-28 12:49 GMT

താനൂര്‍: താനൂര്‍ നിയോജക മണ്ഡലം കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ച എംഎല്‍എയ്ക്ക് താനൂരിലെ ജനത നല്‍കിയത് സ്‌നേഹോഷ്മളമായ സ്വീകരണം. താനൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്‍ ഞായറാഴ്ച മണ്ഡലത്തിലെ മുഴുവന്‍ കവലകളിലുമെത്തി വോട്ടര്‍മാരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ത്ഥിച്ചു.

രാവിലെ 9ന് മുക്കോലയില്‍ നിന്നാരംഭിച്ച് സ്‌കൂള്‍പടി, ചിറക്കല്‍, ബ്ലോക്ക് ഓഫിസ് പരിസരം, താനുര്‍, വാഴയ്ക്കാതെരു, മൂലക്കല്‍, പട്ടരുപറമ്പ്, കാളാട്, ചക്കരമൂല, ഉണ്യാല്‍, മങ്ങാട്, മൂച്ചിക്കല്‍, പുത്തന്‍തെരു, വട്ടത്താണി, താനാളൂര്‍ ചുങ്കം, പകര, വെള്ളച്ചാല്‍, വൈലത്തൂര്‍, ഇരിങ്ങാവൂര്‍, മീശപ്പടി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി തലക്കടത്തൂരില്‍ സമാപിച്ചു.

ഓരോ കവലകളിലേയും വ്യാപാരികള്‍ ഏറെ സന്തോഷത്തോടെയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു വൈലത്തൂരിലെ വ്യാപാരികള്‍ ആവശ്യപ്പെട്ടത്. അതിനായി വേണ്ട സഹായം നല്‍കാമെന്നും വ്യാപാരികള്‍ പറഞ്ഞു.

താനൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കയ്യേറ്റം പൂര്‍ണമായും ഒഴിപ്പിച്ച് വീതിയേറിയ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ചതിന് നന്ദിയുണ്ടെന്നായിരുന്നു താനൂര്‍ നഗരത്തിലെ വ്യാപാരികള്‍ പറഞ്ഞത്.

ഇടവേളകളില്‍ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലെ മരണവീടുകളും, വിവാഹവിരുന്നുകളിലും പങ്കെടുത്തു. ഓലപ്പീടികയ്ക്ക് സമീപം പാടത്ത് ഫുട്‌ബോള്‍ കളിച്ചിരുന്ന യുവാക്കള്‍ക്കൊപ്പവും അല്‍പ സമയം ചെലവഴിച്ചു.

Tags:    

Similar News