1,500 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് തമിഴ്‌നാട് വഖഫ് ബോര്‍ഡ്

Update: 2022-09-24 18:20 GMT

ചെന്നൈ: 1500 വര്‍ഷം പഴക്കമുള്ള മനേന്ദിയവല്ലി ചന്ദ്രശേഖര സ്വാമി ക്ഷേത്രഭൂമിയില്‍ തമിഴ്‌നാട് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചു. തമിഴ്‌നാട്ടിലെ തിരുച്ചി ജില്ലയിലെ തിരുച്ചെന്തുറൈ ഗ്രാമത്തിലും പരിസരത്തുമായി ക്ഷേത്രത്തിന് 369 ഏക്കര്‍ ഭൂമിയാണ് ഉള്ളത്.

പ്രദേശത്തെ കര്‍ഷകന്‍ രാജഗോപാല്‍ തന്റെ കൃഷിഭൂമി വില്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വഖഫ് ബോര്‍ഡ് അവകാശവാദവുമായി പ്രത്യക്ഷപ്പെട്ടത്.

തിരുച്ചെന്തുറൈ വില്ലേജിലെ തന്റെ 1.2 ഏക്കര്‍ ഭൂമി മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭൂമി അയാളുടേതല്ലെന്നും തമിഴ്‌നാട് വഖഫ് ബോര്‍ഡിന്റേതാണെന്നും സൂചിപ്പിച്ച് രജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് അറിയിച്ചു. ചെന്നൈയിലെ വഖഫ് ബോര്‍ഡ് ഓഫിസില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും നിര്‍ദേശിച്ചു.

1992ല്‍ താന്‍ ഭൂമി വാങ്ങിയെന്നും എന്‍ഓസി എന്തിനാണെന്നും കര്‍ഷകന്‍ രജിസ്ട്രാറോട് ചോദിച്ചു. തിരുച്ചെന്തുരൈ വില്ലേജിലെ ഭൂമി ഇടപാടുകള്‍ തങ്ങളുടെ എന്‍ഒസിയില്ലാതെ നടത്താന്‍പാടില്ലെന്ന് കാണിച്ച് തമിഴ്‌നാട് വഖഫ് ബോര്‍ഡ് കത്ത് അയച്ചിട്ടുണ്ടെന്ന് രജിസ്ട്രാര്‍ പറഞ്ഞു.

വില്ലേജിലെ മുഴുവന്‍ ഭൂമിയും തങ്ങളുടേതാണെന്ന് തമിഴ്‌നാട് വഖഫ് ബോര്‍ഡും വ്യക്തമാക്കി. വഖഫ് ബോര്‍ഡില്‍ നിന്നുള്ള നിര്‍ദ്ദേശം അറിഞ്ഞതോടെ നാട്ടുകര്‍ പരിഭ്രാന്തരായി. ഗ്രാമത്തിലെ മിക്കവാര്‍ക്കും സ്വന്തം പേരില്‍ ഭൂമിയുണ്ട്.

ഗ്രാമം മുഴുവന്‍ ഹിന്ദു ആധിപത്യമുള്ള പ്രദേശമാണെന്നും വഖഫ് ബോര്‍ഡിന് ഈ സ്വത്ത് എങ്ങനെ സ്വന്തമാക്കാനാകുമെന്നും ബി.ജെ.പി തിരുച്ചി ജില്ലാ സെക്രട്ടറി ആളൂര്‍ പ്രകാശ് ചോദിച്ചു.

ഗ്രാമത്തിലെ ചന്ദ്രശേഖര സ്വാമി ക്ഷേത്രത്തിന് 389 ഏക്കര്‍ ഭൂമിയുണ്ട്, 1500 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്. ഈ ഭൂമിയും വഖഫ് സ്വത്താണോയെന്ന് അദ്ദേഹം ചോദിച്ചു.

തമിഴ്‌നാട് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ കൂടുതല്‍ അന്വേഷണം നടത്തും.

Tags: