മുസ് ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച സംഭവം: പോലിസുകാര്‍ കുറ്റക്കാരെന്ന് തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷന്‍; നടപടി ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട്

Update: 2021-12-05 03:01 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ മുസ് ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പോലിസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് തമിഴ്‌നാട് ഘടകം. ഇവര്‍ക്കെതിരേ കേസെടുക്കുന്നതിനു പുറമെ വകുപ്പുതല നടപടിയെടുക്കണമെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എ ഖാലിദ്  മുഹമ്മദ് ആവശ്യപ്പെട്ടു. 2011ല്‍ ആര്‍എസ്എസ് ഓഫിസിലേക്ക് പശുത്തല എറിഞ്ഞുവെന്നാരോപിച്ചാണ് മുസ് ലിം യുവാക്കളെ പോലിസുകാര്‍ കേസില്‍ കുടുക്കി പീഡിപ്പിച്ചത്.

സംഭവം പുറത്തുവന്ന ഉടന്‍ പോപുലര്‍ ഫ്രണ്ട് പ്രശ്‌നത്തില്‍ ഇടപെടുകയും ഇരകള്‍ക്ക് നിയമസഹായം നല്‍കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് പോലിസുകാര്‍ മനപ്പൂര്‍വം കള്ളക്കേസെടുക്കുകയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആറ് പോലിസുകാര്‍ക്കെതിരേ പിഴ ശിക്ഷ വിധിച്ചത്. ഓരോ പോലിസുകാരനും ഒരു ലക്ഷം രൂപ വീതം ഇരകള്‍ക്ക് നല്‍കാന്‍ കമ്മീഷന്‍ വിധിച്ചു. കൂടാതെ വകുപ്പുതല അന്വേഷണത്തിനും ശുപാര്‍ശ ചെയ്തു.

മധുര നഗരാതിര്‍ത്തിയില്‍ മാത്രം 17ഓളം കേസുകളാണ് മുസ് ലിംകള്‍ക്കെതിരേ എടുത്തത്. പൊട്ടാത്ത ബോംബുകളുടെയും പൊട്ടിയ പടക്കങ്ങളുടെയും പേരിലായിരുന്നു പല കേസുകളും. ഈ സംഭവങ്ങളില്‍ നൂറോളം പേര്‍ അറസ്റ്റിലായി. അക്കാലയളവിലുണ്ടായ പോലിസ് നടപടികള്‍ക്കെതിരേ പുനഃരന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഖാലിദ് മുഹമ്മദ് പറഞ്ഞു.

അക്കാലത്തെ മധുര പോലിസ് സൂപ്രണ്ട് രണ്ട് പോലിസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് എഴുതിയിരുന്നതായും കാലിദ് പറഞ്ഞു. 

ആര്‍എസ്എസ് ഓഫിസുമായി ബന്ധപ്പെട്ട കള്ളക്കേസില്‍ അകത്തുപോകേണ്ടിവന്നവരിലൊരാളായ ഷഹിന്‍ഷയ്ക്ക് പീഡനത്തെത്തുടര്‍ന്ന് സ്‌പൈനല്‍ കോഡില്‍ പരിക്കേറ്റു. അദ്ദേഹത്തിന്റെ ആരോഗ്യവും ക്ഷയിച്ചു. അറിയാത്ത കേസില്‍ കുറ്റം സമ്മതിക്കാന്‍ ആവശ്യപ്പെട്ട് പോലിസ് തല്ലിച്ചതച്ചെന്നും കുടുംബത്തെ ദ്രോഹിക്കുമെന്ന് ഭീഷണി മുഴക്കിയതായും ഷാഹിന്‍ഷാ പറഞ്ഞു.

കേസിപ്പോള്‍ ക്രൈംബ്രാഞ്ചിലാണ് ഉള്ളത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നടക്കുന്നുണ്ട്.

Tags:    

Similar News