കേരളത്തിലേക്ക് ബുള്ളറ്റ് ട്രെയിന്‍; അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ റെയില്‍വേയ്ക്ക് കത്തയച്ചു

Update: 2026-03-28 05:21 GMT

ചെന്നൈ: കേരളത്തെ അതിവേഗ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും നീക്കം ശക്തമാക്കി. രണ്ടു ബുള്ളറ്റ് ട്രെയിന്‍ പാതകള്‍ക്ക് സാധ്യതാപഠനം നടത്താന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡിന് കത്ത് നല്‍കി. ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്കും, സേലം-കോയമ്പത്തൂര്‍ വഴി എറണാകുളത്തേക്കുമുള്ള പാതകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. രാജ്യത്ത് അതിവേഗ റെയില്‍ ഇടനാഴികള്‍ വ്യാപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട്ടിന്റെ ഈ മുന്നേറ്റം.

ഇതിനിടെ, അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പാതയുടെ മാതൃകയില്‍ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കും മൈസൂരിലേക്കുമുള്ള അതിവേഗ പാതകള്‍ ഇതിനകം കേന്ദ്രബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ, തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള പാതകളുടെ സാധ്യത കൂടി പരിശോധിക്കണമെന്നതാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം. കൂടാതെ, ഈസ്റ്റ് കോസ്റ്റ് ചരക്കുകടത്ത് ഇടനാഴി വിജയവാഡയില്‍ നിന്ന് ചെന്നൈ, തൂത്തുക്കുടി, കന്യാകുമാരി വരെ നീട്ടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തിലേക്കുള്ള ബുള്ളറ്റ് ട്രെയിന്‍ ആശയം പുതുമയല്ല. 2010ലെ റെയില്‍വേ ബജറ്റിലും 2009ലെ വിഷന്‍2020 പദ്ധതിയിലും ഇത്തരം പാതകള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള പാതകള്‍ക്ക് മുന്‍ഗണന നല്‍കിയ സാഹചര്യത്തില്‍ കേരളത്തെ ഉള്‍പ്പെടുത്താത്തത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

Tags: