സ്വകാര്യബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി
ചെന്നൈ: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിലെ ബസ് ക്ഷാമം മറികടക്കുന്നതിനായി സ്വകാര്യബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് (എസ്ടിസി) അനുമതി നല്‍കി. ചെന്നൈ മെട്രോപോളിറ്റീന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും (എംടിസി) ഇതിന്റെ ഭാഗമായി ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്തും. സംസ്ഥാനത്ത് 2015-16ല്‍ 22,474 ബസുകളുണ്ടായിരുന്നുവെങ്കിലും 2021-22ല്‍ ഇത് 20,557 ആയും 2025-26ല്‍ 20,508 ആയും കുറഞ്ഞു. 2022 മുതല്‍ 2026 വരെ 11,507 പുതിയ ബസുകള്‍ വാങ്ങാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. എന്നാല്‍ ഇതുവരെ 3,500 ബസുകള്‍ മാത്രമാണ് സര്‍വീസില്‍ ഇറക്കാനായത്.
യാത്രനിരക്കിലെ വര്‍ധനക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടുന്നില്ലെന്ന പരാതി യാത്രക്കാരുടെ ഭാഗത്ത് നിന്ന് വര്‍ഷങ്ങളായി ഉയരുന്നുണ്ട്. കോവിഡിന് മുന്‍പ് ചെന്നൈയില്‍ എംടിസി ബസുകള്‍ വഴി പ്രതിദിനം ഏകദേശം 54 ലക്ഷം പേര്‍ യാത്ര ചെയ്തിരുന്നു. കോവിഡ് കാലാനന്തരത്തില്‍ ഇത് 25 ലക്ഷമായി കുറഞ്ഞു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടും നിലവില്‍ ദിവസേന ശരാശരി 36 ലക്ഷം പേരാണ് എംടിസി ബസുകളില്‍ യാത്ര ചെയ്യുന്നത്.
സമയ കൃത്യത പാലിക്കാത്തതും തിരക്കേറിയ സമയങ്ങളില്‍ ആവശ്യത്തിന് ബസുകള്‍ സര്‍വീസ് നടത്താത്തതുമാണ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നു എംടിസി അധികൃതര്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. യാത്രാനിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
