തമിഴ്നാട്ടില്‍ ഇന്ന് 5,864 പേര്‍ക്ക് കൊവിഡ്; 97 മരണം

Update: 2020-07-30 15:13 GMT

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 5,864 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,39,978 ആയി. 97 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ മൊത്തം മരണ സംഖ്യ 3,838ആയി. 5,295 പേര്‍ക്കാണ് ഇന്ന് തമിഴ്നാട്ടില്‍ രോഗമുക്തി. 57,962 ആക്ടീവ് കേസുകളാണ് നിലവില്‍ തമിഴ്നാട്ടിലുള്ളത്. അതിനിടെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആഗസ്ത് 31 വരെ നീട്ടി. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം.

സംസ്ഥാനത്തെ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി ചില ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ആഗസ്തിലെ എല്ലാ ഞായറാഴ്ചകളിലും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.ജില്ലാ കളക്ടര്‍മാരുമായും ആരോഗ്യ വിദഗ്ധരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം. രാത്രി 9 മുതല്‍ രാത്രി കര്‍ഫ്യൂ നിലനില്‍ക്കും. കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകളും കോളേജുകളും അടച്ചിരിക്കും. ഞായറാഴ്ചകളില്‍ ഒരു ഇളവും അനുവദിക്കില്ല. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രയ്ക്ക് ഇപാസ് നിര്‍ബന്ധമാണ്. മെട്രോ, ഇലക്ട്രിക് ട്രെയിന്‍ സര്‍വീസുകള്‍ അടച്ചിരിക്കും. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പ്രവര്‍ത്തനങ്ങള്‍ ഒഴികെ അന്താരാഷ്ട്ര വിമാനങ്ങളുടെ നിരോധനവും നിലനില്‍ക്കും. ബസുകളുടെ നിരോധനവും തുടരും. റെയില്‍വേയുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. 50 ശതമാനം ആളുകളോടെ ഹോട്ടലുകള്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഹോട്ടലുകള്‍ക്ക് രാത്രി ഒമ്പത് വരെ ഹോം ഡെലിവറി സേവനങ്ങള്‍ തുടരാം. റെസ്റ്റോറന്റുകളില്‍ എയര്‍കണ്ടീഷണറുകള്‍ക്കുള്ള നിരോധനം തുടരും.


Tags:    

Similar News