തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: മരുധുസെന്നൈ സ്ഥാനാര്‍ത്ഥി ആദിനാരായണന്റെ നാമനിര്‍ദേശപത്രിക സ്വീകരിക്കില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍

Update: 2021-03-18 12:28 GMT

മദുരൈ: മരുധുസെന്നൈ ഓര്‍ഗനൈസേഷന്റെ തിരുമംഗലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ആദിനാരായണന്റെ നാമനിര്‍ദേഷ പത്രിക സ്വീകരിക്കരുതെന്ന് റവന്യൂവകുപ്പ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൊലക്കേസ് പ്രതിയെന്ന നിലയില്‍ നിയമനപടി നേരിടുന്ന സാഹചര്യത്തിലാണ് റവന്യൂവകുപ്പിന്റെ നീക്കം.

തിരുമംഗലം നഗര്‍ പോലിസ് ആദിനാരായണനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കയാണ്. എഐഎഡിഎംകെ സര്‍ക്കാരിലെ റവന്യൂമന്ത്രി ആര്‍ ബി ഉദയകുമാര്‍, ഡിഎംകെയുടെ മണിമാരന്‍ തുടങ്ങിയവര്‍ക്കെതിരേയാണ് ആദിനാരായണന്‍ മല്‍സരിക്കുന്നത്.

തനിക്ക് തിരുമംഗലം മണ്ഡലത്തില്‍ വോട്ട് ബാങ്കുണ്ടെന്നും താന്‍ സ്ഥാനാര്‍ത്ഥിയായാല്‍ മന്ത്രി ഉദയകുമാര്‍ തോല്‍ക്കുമെന്നും അറിയാവുന്നതുകൊണ്ടാണ് റവന്യൂവകുപ്പില്‍ സ്വാധീനും ചെലുത്തി മന്ത്രി തന്റെ നാമനിര്‍ദേശപത്രിക സ്വീകരിക്കല്‍ തടയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശിക്ഷലഭിച്ചവരെ മാത്രമേ മല്‍സരരംഗത്തുനിന്ന് മാറ്റിനിര്‍ത്താനൂ എന്നും തനിക്കെതിരേയുള്ള കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും ആദിനാരായണന്‍ പറഞ്ഞു.

ഒരു കൊലപാതകക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആദിനാരായണന് ഫെബ്രുവരി 18 വരെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം റദ്ദായ ഉടന്‍ ആദിനാരായണന്‍ ഒളിവില്‍ പോയി.

Tags: