ആംബുലന്‍സ് ഡ്രൈവറുടെ കനിവില്‍ തമിഴ് കുടുംബത്തിന് കണ്ണീരറുതി
ആറ്റു നോറ്റുണ്ടായ ആദ്യ കുഞ്ഞാണ് ജനനത്തില്‍ മരിച്ചത്. കയ്യില്‍ നയാപൈസയില്ല. കുഞ്ഞിന്റെ സംസ്‌കാരം എവിടെ നടത്തണം എങ്ങിനെ നടത്തണം എന്നൊന്നുമറിയില്ല. ചോദിച്ചവരൊക്കെ ഒഴിഞ്ഞുമാറി.
നഹാസ് എം നിസ്താര്‍
പെരിന്തല്‍മണ്ണ: വറ്റാത്ത മനുഷ്യ സ്‌നേഹത്തിന്റെ മാതൃകയായി മഞ്ചേരിയിലെ ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് പരിസരത്ത് കഴിഞ്ഞ 9 വര്‍ഷമായി ആംബുലന്‍സ് ഓടിക്കുന്നവരാണ് നൗഫലും കൂട്ടുകാരന്‍ ഇര്‍ഷാദും. ബുധനാഴ്ച മെഡിക്കല്‍ കോളേജിന് മുന്നില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ വിലപിക്കുന്ന തമിഴ് കുടുംബത്തിന്റെ നിസ്സഹായാവസ്ഥ ശ്രദ്ധയില്‍പ്പെട്ട നൗഫലും ഇര്‍ഷാദും അവരോട് കാര്യം അന്വേഷിച്ചപ്പോഴാണ് കുടുംബത്തിന്റെ നിസഹായാവസ്ഥ മനസിലായത്. തമിഴ് കുടുംബത്തിന് ആറ്റു നോറ്റുണ്ടായ ആദ്യ കുഞ്ഞാണ് ജനനത്തില്‍ മരിച്ചത്. കയ്യില്‍ നയാപൈസയില്ല. കുഞ്ഞിന്റെ സംസ്‌കാരം എവിടെ നടത്തണം എങ്ങിനെ നടത്തണം എന്നൊന്നുമറിയില്ല. ചോദിച്ചവരൊക്കെ ഒഴിഞ്ഞുമാറി.
വിലപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഈ അവസരത്തിലാണ് നൗഫലും ഇര്‍ഷാദും ഇവരെ സഹായിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ 4 വര്‍ഷമായി പെരിന്തല്‍മണ്ണയില്‍ താമസക്കാരാണ് ഈ കുടുംബം. ഇതോടെ നൗഫല്‍ ഉടന്‍ പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാനെ നേരിട്ട് വിളിച്ച് സംഭവം പറയുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തിരുവനന്തപുരത്തായിരുന്ന ചെയര്‍മാന്‍ വിഷയത്തില്‍ ഉടന്‍ ഇടപെട്ടു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയും ആരോഗ്യ വിഭാഗം ജീവനക്കാരെയും വിളിച്ച് അടിയന്തിരമായി നഗരസഭാ ശ്മശാനമായ അഞ്ജലിയില്‍ സംസ്‌കാരത്തിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യാന്‍ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. ആംബുലന്‍സില്‍ കുടുംബത്തെ പെരിന്തല്‍മണ്ണയിലെത്തിക്കാനും അതിനാവശ്യമായ എല്ലാ ചെലവും സാന്ത്വന ഫണ്ടില്‍ നിന്ന് നല്‍കുമെന്നും ചെയര്‍മാന്‍ നൗഫലിനോട് പറഞ്ഞു.
പിന്നെ താമസമുണ്ടായില്ല നൗഫലും, ഇര്‍ഷാദും ചേര്‍ന്ന് കുടുംബത്തെ ആംബുലന്‍സില്‍ കയറ്റി പെരിന്തല്‍മണ്ണ ചോലോം കുന്നത്ത് അഞ്ജലിയില്‍ എത്തിച്ചു. നഗരസഭ കൗണ്‍സില്‍ പ്രതിനിധികളും ആരോഗ്യ വിഭാഗവും സംസ്‌ക്കാരത്തിനാവശ്യമായ സജ്ജീകരണം ചെയ്ത് അപ്പോഴേക്കും അവിടെ സജ്ജമായി നിന്നിരുന്നു. കൃത്യം ഉച്ചക്ക് 1.50 ന് ഹൃദയം പിളര്‍ക്കും വേദനയോടെ തങ്ങളുടെ പൊന്നോമനക്ക് കുടുബം അന്ത്യകര്‍മ്മം നടത്തി.
'തമിഴ്‌നാട് തന്‍ ട്രാംപട്ട് താലൂക്കിലെ മേല്‍മുത്തനൂര്‍ ഗ്രാമവാസിയായ സത്യരാജ് ഉഷ ദമ്പതികള്‍ കഴിഞ്ഞ 5 വര്‍ഷമായി പെരിന്തല്‍മണ്ണ വലിയങ്ങാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്നവരാണ്. കൂടെ ഉഷയുടെ അമ്മ കുപ്പുവും ഉണ്ട്. നഗരത്തില്‍ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടാണ് കുടുംബം ജീവിക്കുന്നത്. വളരെ വൈകി ഗര്‍ഭിണിയായ ഉഷ ഒരു കുഞ്ഞുണ്ടാവുന്നതിന്റെ സന്തോഷത്തിലായിരുന്നു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഇവര്‍ വൈദ്യപരിചരണം നേടി. ഏഴ് മാസമായപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ ജില്ലാ ആശുപത്രി റഫര്‍ ചെയ്ത പ്രകാരം രണ്ടാഴ്ച മുമ്പ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തി്. ഇവിടെ വെച്ച് മാസം തികയാതെ ഇവര്‍ പ്രസവിച്ചു. കുട്ടിക്ക് ഹൃദയമിടിപ്പ് കുറവായതിനാല്‍ മരണപ്പെടുകയുമായിരുന്നു.
കൂലിപ്പണിക്കാരനായതിനാല്‍ രണ്ടാഴ്ചയോളം ജോലിക്ക് പോകാന്‍ കഴിയാത്തതു കൊണ്ട് കയ്യിലുള്ള പണമെല്ലാം തീര്‍ന്നു. ഇതിനിടെ സാമ്പത്തിക പ്രയാസവും മറ്റും കാരണമെന്നു കരുതുന്നു കുട്ടി മരിച്ചതോടെ ഭര്‍ത്താവ് സത്യരാജ് ഇവരെ വിട്ടു പോയി. രണ്ടു സ്ത്രീകള്‍ മാത്രമായ കുടുംബം അതോടെ നിസ്സഹായരായി.
സംസ്‌കാര ശേഷം ആചാരങ്ങള്‍ അനുഷ്ഠിക്കാനായി കുടുംബം സ്വദേശത്തേക്ക് മടങ്ങി. നഗരസഭയോടും നൗഫലിനോടും ഇര്‍ഷാദിനോടും നന്ദി പറഞ്ഞ കുടുംബം ഒരു മാസത്തിനു ശേഷം പെരിന്തല്‍മണ്ണയില്‍ തിരിച്ചെത്തും. ഇവരുടെ യാത്രക്കും സംസ്‌കാരത്തിനും ഉള്ള മുഴുവന്‍ ചെലവും നഗരസഭ ചെയര്‍മാന്റെ സാന്ത്വന ഫണ്ടില്‍ നിന്നും നല്‍കി. സംസ്‌കാര സമയത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.ടി. ശോഭന, എ. രതി, കൗണ്‍സിലര്‍മാരായ കെ. സുന്ദരന്‍, അമ്പിളി മനോജ്, ലക്ഷ്മികൃഷ്ണന്‍ എന്നിവരും സന്നിഹിതരായി.

