യുദ്ധമല്ല, ചര്‍ച്ചയാണ് വേണ്ടതെന്ന നിലപാടെടുത്ത പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യയ്ക്ക് ഭീഷണിയും അസഭ്യവര്‍ഷവും

പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാബ്ലു മിത്രയുടെ ഭാര്യ സാന്ദ്ര മിത്രയ്‌ക്കെതിരേയാണ് സംഘപരിവാര സംഘങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും ഭീഷണിയും അഴിച്ചുവിടുന്നത്.

Update: 2019-02-28 12:43 GMT

കൊല്‍ക്കത്ത: ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ യുദ്ധമല്ല മറിച്ച് സമാധാനമാണ് വേണ്ടതെന്ന നിലപാടെടുത്ത പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യക്ക് സാമൂഹിക മാധ്യമങ്ങളില്‍ ഭീഷണിയും ശകാരവും. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാബ്ലു മിത്രയുടെ ഭാര്യ സാന്ദ്ര മിത്രയ്‌ക്കെതിരേയാണ് സംഘപരിവാര സംഘങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും ഭീഷണിയും അഴിച്ചുവിടുന്നത്.യുദ്ധം കൊണ്ട് നഷ്ടമാവുന്നത് ഭാര്യക്ക് ഭര്‍ത്താവിനെയും മാതാവിന് മകനെയും മക്കള്‍ക്ക് പിതാവിനെയുമാണ്. ഇത്തരത്തിലുള്ള അനുഭവക്കുറിപ്പുകള്‍ ഒരുപാട് വായിച്ച താനും അതേ മാനസികാവസ്ഥയിലാണെന്ന് കടന്നുപോവുന്നതെന്ന് മിത്ര വ്യക്തമാക്കിയിരുന്നു.

ഭര്‍ത്താവിന്റെ വിയോഗത്തിന്റെ അടങ്ങാത്ത ദു:ഖത്തിനിടയിലാണ് രാജ്യത്ത് യുദ്ധത്തിനായുള്ള ആര്‍പ്പു വിളികള്‍ മിത്രയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് മിത്ര യുദ്ധത്തിനെതിരായി രംഗത്തു വന്നത്. ഇതിനെതിരേയാണ് സാമൂഹിക മാധ്യമങ്ങളില്‍ ശകാരവും ഭീഷണിയും അസഭ്യവര്‍ഷവുമെത്തിയത്.

മിത്രക്ക് ഭര്‍ത്താവ് ബാബ്ലുവിനോടുള്ളത് യാഥാര്‍ത്ഥ സ്‌നേഹമല്ലെന്നാണ് ചിലരുടെ വിമര്‍ശനം. ഇപ്പോള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കേണ്ട സമയമല്ലെന്ന് ചിലരുടെ ഭീഷണി. ഭീരുവിനെ പോലെ ജീവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണെന്നും ചിലര്‍ പരിഹസിച്ചു.

അതേസമയം നഷ്ടങ്ങള്‍ വ്യക്തപരമായതാണെന്ന് പറഞ്ഞ് എഴുതിതള്ളേണ്ടെന്ന് സാന്ദ്ര പറയുന്നു. യുദ്ധം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയേയും സമൂഹിക വികസനത്തേയും തകര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. നിങ്ങളെ പോലെ തനിക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും തന്റെ നിലപാട് അവര്‍ വ്യക്തമാക്കുന്നു. കൊല്‍ക്കത്തയിലെ ബൗരിയ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് സാന്ദ്ര.

Tags: