തത്ക്കാല്‍ ടിക്കറ്റ് കിട്ടാനില്ല, സ്വകാര്യ ബസ് കമ്പനികള്‍ ഈടാക്കുന്നത് അമിതനിരക്ക്; യാത്രക്കാര്‍ ദുരിതത്തില്‍

Update: 2025-09-10 05:24 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് യാത്രക്കാര്‍ ദുരിതത്തിലെന്ന് റിപോര്‍ട്ട്.തിരുവോണം കഴിഞ്ഞിട്ട് നാല് ദിവസമായിട്ടും യാത്രാതിരക്ക് ഒഴിയാത്തതാണ് യാത്രക്കാരെ വലക്കുന്നത്. പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ദീര്‍ഘദൂര ബസുകളിലുമെല്ലാം വലിയ രീതിയിലുള്ള തിരക്കാണ് . ഓണവും നബിദിനവും ശ്രീ നാരായണ ഗുരുജയന്തിയും എല്ലാം ഒരുമിച്ചുവന്നതാണ് തിരക്കിന് പിന്നിലെ കാരണമെന്നാണ് പറയുന്നത്. കൂടാതെ യാത്രക്കാരുടെ കൈവശമുള്ള ലഗോജുകളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ലഗേജുകള്‍ കാരണം യാത്രക്കാര്‍ക്ക് വാഹനത്തിന് അകത്ത് കടക്കാനാകാത്ത സ്ഥിതിയുമുണ്ട്.

ട്രെയിന്‍ ടിക്കറ്റ് കിട്ടാത്ത പലരും ദീര്‍ഘ ദൂരയാത്രകള്‍ക്ക് ബസുപയോഗിക്കുന്നതാണ് ബസിലെ തിരക്ക് കൂടാന്‍ കാരണം. റെയില്‍വെ ബുക്കിംഗ് സംവിധാനങ്ങള്‍ എളുപ്പമാക്കിയെന്ന് പറയുമ്പോഴും അതിന്റെ ഗുണം ലഭിക്കുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഈ അവസരം മുതലെടുത്ത് സ്വകാര്യ ബസ് കമ്പനികള്‍ അമിതനിരക്കാണ് ഈടാക്കുന്നത്. അവധികഴിഞ്ഞ് കേരളത്തിലെ കോളജുകള്‍ തിങ്കളാഴ്ച തുറന്നെങ്കിലും മംഗലാപുരം കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പല കോളേജുകളും വൈകിയാണ് തുറക്കുക. അതിനാല്‍ തന്നെ വിദ്യാര്‍ഥികളുടെ തിരക്ക് കുറയാന്‍ സമയമെടുക്കുമെന്ന് അധികൃതര്‍ പറയുന്നു.

Tags: