'ടോക് ടു കേരള പോലിസ്': അതിക്രമങ്ങള്‍ പോലിസിനെ വേഗത്തില്‍ അറിയിക്കാന്‍ നൂതന പദ്ധതിയുമായി കോഴിക്കോട് സൈബര്‍ പോലിസ്

Update: 2021-11-28 12:58 GMT

കോഴിക്കോട്: അതിക്രമങ്ങള്‍ പോലിസിനെ വേഗത്തില്‍ അറിയിക്കാനുളള പദ്ധതിക്ക് കോഴിക്കോട് സൈബര്‍ പോലിസ് രൂപം നല്‍കി. കോഴിക്കോട് സൈബര്‍ഡോമാണ് ചാറ്റ്‌ബോട്ട് സേവനമായ ' ടോക് ടു കേരള പോലിസ്' വികസിപ്പിച്ചെടുത്തത്. പുതിയ പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.

സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരുടെ സഹകരണത്തോടെ കേരളാ പോലിസ് ആരംഭിച്ച പദ്ധതിയാണിത്. 

പൊതുജന പോലിസ് പങ്കാളിത്ത മാതൃക എന്ന നിലയില്‍ കേരള പോലിസിന്റെ ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ വിഭാവനം ചെയ്ത സൈബര്‍ഡോം ഉയര്‍ന്നു വരുന്ന സൈബര്‍ ഭീഷണികളെ പോലിസിന്റെ സഹായത്തോടെ നേരിടാന്‍ ലക്ഷ്യമിടുന്നു. കേരളത്തിലെ സൈബര്‍ഡോമിന്റെ മൂന്നാം പതിപ്പാണ് കോഴിക്കോട്ടുള്ളത്. സൈബര്‍ സുരക്ഷയിലും കാര്യക്ഷമമായ പോലിസിംഗിനുള്ള സാങ്കേതിക വിദ്യ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സൈബര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സാണ് സൈബര്‍ ഡോം.

കേരള പോലിസ് അസിസ്റ്റന്റ് ചാറ്റ്‌ബോട്ട് സേവനം, പ്രത്യേക ആപ്ലിക്കേഷനുകളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെയും ഏതെങ്കിലും വെബ് പേജുകള്‍ സര്‍ഫിംഗ് ചെയ്യാതെയും വകുപ്പിന്റെ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ പൊതുജനങ്ങളിലേക്ക് എളുപ്പത്തിലും വേഗത്തിലും എത്തിക്കുന്നു. ഈ ചാറ്റ്‌ബോട്ട് സേവനം ഗൂഗിള്‍ അസിസ്റ്റന്റിനോട് 'ടോക് ടു കേരള പോലിസ്' എന്ന വാക്ക് ഉപയോഗിച്ച് അഭ്യര്‍ത്ഥിക്കാം.

ചാറ്റ് ബോട്ട് സര്‍വീസ് ഉപയോഗിക്കാന്‍ ആന്‍ഡ്രോയ്ഡ് ഫോണും ഇന്റര്‍നെറ്റ് കണക്ഷനും മാത്രം മതി. ഉദാഹരണത്തിന് കണ്മുന്നില്‍ ഒരാള്‍ അപകടകരമാം വിധത്തില്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് ആക്ടിവേറ്റ് ചെയ്യുക. ഒരു പക്ഷെ ഈ രീതിയില്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഫോണിലെ ഹോം ബട്ടണ്‍ മൂന്ന് സെക്കന്റ് നേരം പ്രസ് ചെയ്താല്‍ മാത്രം മതി. ഇങ്ങനെ ഗൂഗിള്‍ അസിസ്റ്റന്റ് ആക്ടിവേറ്റ് ആയാല്‍ 'ടോക് ടു കേരള പോലിസ്' എന്നു പറഞ്ഞു കേരള പോലിസിന്റെ പോര്‍ട്ടലില്‍ കയറുക. ശേഷം കണ്ട കുറ്റകൃത്യം പറയുക. ഈ സമയം ആവശ്യമായ സേവനം അല്ലെങ്കില്‍ നിര്‍ദേശം കേരള പോലിസിന്റെ പോര്‍ട്ടലില്‍ നിന്നും ലഭിക്കും. മൂന്ന് ഘട്ടങ്ങളായാണ് പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനം വിരല്‍ത്തുമ്പില്‍ ലഭിക്കുന്നത്. ഇതിനായി ഒരു തരത്തിലുള്ള അപ്ലിക്കേഷനുകളും ഡൌണ്‍ലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല.

മാലൂര്‍കുന്ന് ജില്ല പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന പരിപാടിയില്‍ മന്ത്രി ചാറ്റ്‌ബോട്ട് സേവനം ഔദ്യോഗികമായി ആരംഭിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

Tags: