കാബൂള്‍: താലിബാന്‍ ഔദ്യോഗിക വക്താവ് സുഹൈല്‍ ഷഹീനെ താലിബാന്റെ യുഎന്‍ പ്രതിനിധിയായി നിയമിച്ചു. യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക്കാണ് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ച വിവരം പുറത്തുവിട്ടത്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്രസ്സിനാണ് അറിയിപ്പ് ലഭിച്ചത്. അഫ്ഗാന്‍ അംബാസിഡര്‍ ഗുലാം ഇസാച്ഛിയാണ് സപ്തംബര്‍ 15ന് ഗുട്രസ്സിനുള്ള കത്ത് കൈമാറിയത്. 76ാം യുഎന്‍ വാര്‍ഷിക സമ്മേളനത്തിനുള്ള പ്രതിനിധികളുടെ പട്ടികയും താലിബാന്‍ കൈമാറിയിട്ടുണ്ട്.
അഫ്ഗാനിലെ പക്ടിയ പ്രവിശ്യയിലാണ് ഷഹീന്‍ ജനിച്ചത്. ഇംഗ്ലീഷില്‍ വിദഗ്ധനാണ്. മികച്ച എഴുത്തുകാരനുമാണ്. കാബൂള്‍ ടൈംസ് എഡിറ്റ് ചെയ്തിരുന്നത് സുഹൈല്‍ ഷഹീനാണ്. നേരത്തെ പാകിസ്താനില്‍ അഫ്ഗാന്‍ എംബസി ഉപമേധാവിയായിരുന്നു.
ഇപ്പോള്‍ ഖത്തറിലെ പൊളിറ്റിക്കല്‍ ഓഫിസിന്റെ ചുമതലയിലാണ്.
നിലവില്‍ താലിബാന്റെ ഏറ്റവും പരിചിതമായ മുഖമാണ് ഷഹീന്റേത്. താലിബാന്‍ പ്രതികാരനടപടികള്‍ കൈക്കൊള്ളുകയില്ലെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള അവകാശം ഉറപ്പുവരുത്തുമെന്നുമുള്ള സുപ്രധാന വിഷയങ്ങള്‍ ലോകത്തെ അറിയിച്ചത് അദ്ദേഹമാണ്.
അഫ്ഗാന്‍ വിഷയത്തില്‍ അധിനിവേശ ശക്തികളെ പിന്തുണക്കാതെ പക്ഷപാതമില്ലാതെ നിലനില്‍ക്കണമെന്നാണ് ഇന്ത്യയെക്കുറിച്ച് ഷഹീന്‍ അഭിപ്രായപ്പെട്ടത്.