താലിബാന്‍ സഹസ്ഥാപകന്‍ മുല്ല ബറാദര്‍ അഫ്ഗാന്‍ ഭരണാധികാരിയായേക്കുമെന്ന് സൂചന

Update: 2021-09-03 07:55 GMT

കാബൂള്‍: താലിബാന്‍ സഹസ്ഥാപകനും മുതിര്‍ന്ന നേതാവായ മുല്ല ബറാദര്‍ അഫ്ഗാന്‍ പ്രസിഡന്റായേക്കുമെന്ന് സൂചന. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കു ശേഷം അഫ്ഗാന്‍ ഭരണാധികാരികളുടെടെ പേര് വിവരങ്ങള്‍ പുറത്തുവിടുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.

താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമറിന്റെ മകന്‍ മുല്ല മുഹമ്മദ് യാക്കൂബ്, ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സായി എന്നിവരും പ്രമുഖ സ്ഥാനങ്ങളില്‍ പരിഗണിക്കപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. 

അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം കയ്യാളുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്ന പേരുകളിലൊന്നായിരുന്നു മുല്ല ബറാദര്‍. മുഴുവന്‍ പേര് മുല്ല അബ്ദുല്‍ ഗനി ബറാദര്‍ അഖുന്ദ്. മുല്ല എന്നത് താലിബാന്‍കാര്‍ ബഹുമാനപൂര്‍വം വിളിക്കുന്ന പേരാണ്. അഫ്ഗാന്‍ താലിബാന്‍ സഹസ്ഥാപകനാണ്. ബറാദര്‍ എന്നാല്‍ സഹോദരന്‍. അഫ്ഗാനിലെ ഉറുഘാന്‍ പ്രവിശ്യയില്‍ 1968ല്‍ ജനിച്ചു. 1980കളില്‍ സോവിയറ്റ് യൂനിയനെതിരേ പോരാടിയ അഫ്ഗാന്‍ മുജാഹിദ്ദീന്‍ അണികളിലൊരാള്‍. സോവിയറ്റ് സൈന്യം നാടുവിട്ടശേഷം കണ്ഡഹാറില്‍ മുഹമ്മദ് ഉമറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

1994ല്‍ താലിബാന്‍ ആരംഭിച്ചു. 1996ല്‍ അധികാരത്തിലെത്തി. താലിബാന്‍ അധികാരത്തിലിരിക്കുമ്പോള്‍ പ്രതിരോധ മന്ത്രാലയത്തിലെ സഹമന്ത്രിയായിരുന്നു. പുറത്തായശേഷം പാകിസ്താന്‍, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ജീവിച്ചു. താലിബാന്റെ ഏറ്റവും പ്രമുഖനായ നേതാവ്. താലിബാന്റെ പൊതുമുഖം. താലിബാനില്‍ സ്ഥാനം കൊണ്ട്് ഒന്നാം സ്ഥാനക്കാരന്‍ ഹിബത്തുല്ല അഖുന്‍സാദയാണെങ്കിലും അണികള്‍ക്കിടയില്‍ പ്രമുഖനും താലിബാന്റെ പൊതുമുഖവും ബറാദറാണ്. യുഎസ്, അഫ്ഗാന്‍ സമാധാന ചര്‍ച്ചകളില്‍ താലിബാനെ പ്രതിനിധീകരിച്ചിരുന്ന ബറാദര്‍ ദീര്‍ഘകാലമായി ഖത്തറിലായിരുന്നു. 

Tags: