ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി തലസ്ഥാനം; രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഉച്ചയ്ക്ക് ശേഷം 3.30ന്

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Update: 2021-05-20 06:53 GMT

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കുള്ള ഒരുക്കള്‍ പൂര്‍ത്തായാക്കി. 240 പേരുടെ ഇരിപ്പിടമാണ് ഇപ്പോള്‍  ഒരുക്കിയിരിക്കുന്നത്. അതില്‍ കൂടുതല്‍ പേര്‍ എത്തിയാല്‍ കൂടുതല്‍ സൗകര്യമൊരുക്കും. നവകേരള ഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കുന്നത്. 52 കലാകാരന്മാരും പ്രമുഖരും അണി നിരന്ന് അവതരിപ്പിക്കുന്ന പരിപാടിയാണ് നവകേരള ഗീതാജ്ഞലി. വേദിയില്‍ ഒരുക്കിയിട്ടുള്ള കൂറ്റന്‍ എല്‍ഇഡി വാളിലാണ് നവകേരള ഗീതാജ്ഞലി-സംഗീത ദൃശ്യ പരിപാടി പ്രദര്‍ശിപ്പിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുന്നത്. 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം.

സത്യപ്രതിജ്ഞ ചടങ്ങ് സര്‍ക്കാര്‍ വിവിധ വെബ്‌സൈറ്റുകള്‍, പിആര്‍ഡി, മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജ്, പിആര്‍ഡി ലൈവ് മൊബൈല്‍ ആപ് എന്നിവ വഴി പൊതു ജനങ്ങള്‍ക്ക് കാണാം.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ രാവിലെ രക്തസാക്ഷി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളെ നിയുക്ത മന്ത്രിമാര്‍ രാവിലെ തന്നെ സന്ദര്‍ശിച്ചിരുന്നു.


രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും വകുപ്പുകളും

മുഖ്യമന്ത്രി പിണറായി വിജയന്‍-ആഭ്യന്തരം,വിജിലന്‍സ്, ഐടി,പരിസ്ഥിതി

കെ രാധാകൃഷ്ണര്‍-ദേവസ്വം,പിന്നാക്ക ക്ഷേമം

എം വി ഗോവിന്ദന്‍-തദ്ദേശം,എക്‌സൈസ്

കെ എന്‍ ബാലഗോപാല്‍-ധനകാര്യം

വി ശിവന്‍കുട്ടി-വിദ്യാഭ്യാസം,തൊഴില്‍

ഡോ. ആര്‍ ബിന്ദു-ഉന്നതവിദ്യാഭ്യാസം

വീണാ ജോര്‍ജ്ജ്-ആരോഗ്യം

പി രാജീവ്-വ്യവസായം, നിയമം

വിഎന്‍ വാസവന്‍- സഹകരണം,രജിസ്‌ട്രേഷന്‍

വി അബ്ദുറഹ്മാന്‍- ന്യൂനപക്ഷം, യുവജനക്ഷേമം, കായികം, പ്രവാസികാര്യം

സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം

പി എ മുഹമ്മദ് റിയാസ്-പൊതുമരാമത്തും ടൂറിസവും

പി പ്രസാദ്-കൃഷി

ജെ ചിഞ്ചുറാണി-മൃഗസംരക്ഷണം,ക്ഷീരവികസനം

കെ രാജന്‍-റവന്യൂ

ജി ആര്‍ അനില്‍-ഭക്ഷ്യ,സിവില്‍ സപ്ലൈസ്

റോഷി അഗസ്റ്റിന്‍-ജലവിഭവം

എ കെ ശശീന്ദ്രന്‍-വനം

കെ കൃഷ്ണന്‍ കുട്ടി-വൈദ്യുതി വകുപ്പ്

അഹ്മദ് ദേവര്‍കോവില്‍-തുറമുഖം,പുരാവസ്തു,മ്യൂസിയം

ആന്റണി രാജു-ഗതാഗതം



Tags: