ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള സ്വിസ് ബാങ്ക് നിക്ഷപകരുടെ പട്ടിക ഇന്ത്യക്കു കൈമാറും. ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും ഏറെക്കാലമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷമാണ് നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. ദേശീയ പ്രത്യക്ഷ നികുതി ബോര്‍ഡായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിനാണ് അക്കൗണ്ട് വിവരങ്ങള്‍ കൈമാറുക. വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് മുമ്പായി 2018ല്‍ റവന്യൂ സെക്രട്ടറി എ ബി പാണ്ഡെ, ആദായനികുതി വകുപ്പ് ചെയര്‍മാന്‍ പിസി മോഡി, സിബിഡിടി അംഗം അഖിലേഷ് രഞ്ജന്‍ എന്നിവര്‍ സ്വിസര്‍ലാന്‍ഡിന്റെ അന്താരാഷ്ട്ര ധനകാര്യ സെക്രട്ടേറിയറ്റിലെ നികുതി വിഭാഗം മേധാവി നിക്കോളാസ് മരിയോ ലുഷറുടെ നേതൃത്വത്തിലുള്ള സംഘവുമായി കൂടികാഴ്ച നടത്തിയിരുന്നു.
സ്വിസ് ഏജന്‍സികളുടെ കണക്കുപ്രകാരം ഈ വര്‍ഷം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്ന 75മത്തെ രാജ്യമാണ് ഇന്ത്യ. 2018ന്റെ തുടക്കത്തില്‍ തന്നെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ബാങ്ക് അക്കൗണ്ടുകളുള്ള എല്ലാ ഇന്ത്യാക്കാരുടേയും വിവരങ്ങള്‍ ഇന്ത്യന്‍ നികുതി അധികൃതർക്ക് കൈമാറാന്‍ നടപടി തുടങ്ങിരുന്നു.