കോഴിക്കോട്: രാജ്യത്ത് ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഗോപകുമാര്‍ അറിയിച്ചു. ജില്ലയിലെ പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങളിലെ പന്നികളില്‍ രോഗലക്ഷണമോ അസ്വാഭാവിക മരണമോ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ പഞ്ചായത്തിലെ വെറ്ററിനറി സര്‍ജനെ അറിയിക്കണം. പന്നി കര്‍ഷകര്‍ക്ക് ആവശ്യമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഓരോ പ്രദേശത്തെയും വെറ്ററിനറി സര്‍ജന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫലപ്രദമായ വാക്‌സിനോ ചികിത്സയോ ഇല്ലാത്തതിനാല്‍ ബയോ സെക്യൂരിറ്റി നടപടികള്‍ കാര്യക്ഷമമാക്കണമെന്നും ഇതിന്റെ ഭാഗമായി ഫാമുകളിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നും ഫാമുകള്‍ അണുവിമുക്തമാക്കണമെന്നും മൃഗസംരക്ഷണവകുപ്പ് നിര്‍ദേശം നല്‍കി.