സ്വര്‍ണപ്പാളിവിവാദം; കടകംപള്ളി സുരേന്ദ്രനെതിരേ വിമര്‍ശനവുമായി വി ഡി സതീശന്‍
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ അന്നത്തെ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളിസുരേന്ദ്രനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദ്വാരപാലക ശില്പം വില്‍ക്കാന്‍ കടകംപള്ളി കൂട്ടുനിന്നെന്നാണ് വിമര്‍ശനം.
ദ്വാരപാലകശില്പം കോടീശ്വരന്മാര്‍ക്ക് കൊടുത്തുവെന്ന് മാത്രമല്ല, വാതിലും കട്ടിളപ്പടിയും അടക്കം അടിച്ചു മാറ്റിയിരിക്കുകയാണെന്നും ഇതിനേ കുറിച്ച് ഒരക്ഷരം മിണ്ടാത്ത മുഖ്യമന്ത്രി ഇന്നാണ് സംസാരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ഏത് കോടീശ്വരനാണ് ദ്വാരപാലക ശില്പം വിറ്റിരിക്കുന്നത് എന്ന് അന്നത്തെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് അറിയാമെന്നും മുഖ്യമന്ത്രി കൊള്ളക്കാരെ സഹായിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഭക്തന്മാരെ മുഴുവന്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്നും അതിശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം മുമ്പോട്ട് പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ശബരിമലയില്‍ ഉള്ളതൊക്കെ അടിച്ചുമാറ്റിയെന്നും അതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഒരോ ദിവസവും പുറത്തുവരുന്നതെന്നും പറഞ്ഞ സതീശന്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് ആവര്‍ത്തിച്ചു.