ലൈംഗിക പീഡനാരോപണം; അന്വേഷണത്തിനിടെ ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ പിന്‍വലിച്ച് സ്വാമി ചൈതന്യാനന്ദ സരസ്വതി
ന്യൂഡല്‍ഹി: ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് ഡയറക്ടറും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ലൈംഗിക പീഡനാരോപണങ്ങള്‍. പതിനേഴോളം വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്ന് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ, ഇയാള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 50 ലക്ഷത്തിലധികം രൂപ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. 18 ബാങ്ക് അക്കൗണ്ടുകളും 28 സ്ഥിരനിക്ഷേപങ്ങളും ഇയാളുടെ പേരിലുണ്ടായിരുന്നു. എല്ലാം കൂടി ഏകദേശം എട്ട് കോടി രൂപയായിരുന്നു. അന്വേഷണ സംഘം അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
രാത്രി വൈകിയും പെണ്‍കുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും വിദേശയാത്രകളില്‍ കൂടെവരാന്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. വനിതാ ഹോസ്റ്റലില്‍ രഹസ്യ ക്യാമറകളും സ്ഥാപിച്ചതായും എഫ്ഐആറില്‍ പറയുന്നു. ഒരു വിദ്യാര്‍ഥിനിക്ക് ''ബേബി ഐ ലവ് യൂ'' എന്ന് മെസേജ് അയച്ചതും, പ്രതികരിക്കാത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയച്ചും സമ്മര്‍ദ്ദം ചെലുത്തിയതും, തുടര്‍ന്ന് ഹാജറില്‍ ക്രമക്കേട് കാണിച്ച് നോട്ടിസ് നല്‍കുകയും മാര്‍ക്ക് കുറയ്ക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
2025ല്‍ വാങ്ങിയ ബിഎംഡബ്ല്യു കാറിന്റെ പൂജയ്ക്കായി വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ഋഷികേശിലേക്ക് കൊണ്ടുപോയപ്പോഴും മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. ഹോളി ദിവസം വിദ്യാര്‍ഥിനിയെ ഓഫീസില്‍ വിളിച്ച് വീഡിയോ പകര്‍ത്തിയതായും പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2009ല്‍ ഡിഫന്‍സ് കോളനിയില്‍ വഞ്ചന, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നീട്, 2016ല്‍ വസന്ത് കുഞ്ചിലെ ഒരു സ്ത്രീ ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ കേസുകള്‍ പുനഃപരിശോധിക്കുന്നുണ്ട്. നിലവിലെ കേസില്‍, പരാതിക്കാരെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ഡിപ്ലോമ വിദ്യാര്‍ഥികളാണ്. നിലവിലെ കേസില്‍ 32 വിദ്യാര്‍ഥിനികളുടെ മൊഴി പോലിസ് രേഖപ്പെടുത്തി. ഇയാള്‍ നിലവില്‍ ഒളിവിലാണ്.

