കൊവാക്‌സിന്‍ സുരക്ഷിതമല്ലെന്ന് സംശയം; ബ്രസീല്‍ 20 ദശലക്ഷം കൊവാക്‌സിന്‍ ഡോസിന്റെ ഓര്‍ഡര്‍ റദ്ദാക്കി; കുപ്രചാരണമെന്ന് ഭാരത് ബയോടെക്ക്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച് നിര്‍മിച്ച കൊവാക്‌സിന്റെ നിര്‍മാണം വ്യവസ്ഥയനുസരിച്ചല്ലെന്ന് സംശയം ഉയരുന്നു. ബ്രസീല്‍ ഓര്‍ഡര്‍ ചെയ്ത 20 ദശലക്ഷം ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തതോടെയാണ് ആരോഗ്യ മേഖലയില്‍ സംശയം ബലപ്പെട്ടത്. കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് വാക്‌സിന്‍ ഓര്‍ഡര്‍ റദ്ദാക്കാന്‍ ബ്രസീലിയന്‍ ഡ്രഗ് കണ്‍ട്രോളര്‍ അന്‍വിസ പറഞ്ഞ കാരണം. ഇതോടെ ശാസ്ത്രരംഗത്ത് അഭിമാനമായി മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയ ഭാരത് ബയോടെക്കിന്റെയും മെയ്ക്ക് ഇന്‍ ഇന്ത്യ കാംപയിന്റെയും അപമാനമായി ഇതു മാറുകയാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് റിപോര്‍ട്ട് പുറത്തുവന്നത്. വാക്‌സിന്‍ ഓര്‍ഡര്‍ റദ്ദാക്കിയ വിവരം കഴിഞ്ഞ ദിവസമാണ് പൊതുജനശ്രദ്ധയിലെത്തിയത്.
ബ്രസീലിയന്‍ ഡ്രഗ് കണ്‍ട്രോളറുടെ ഓഫിസ് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ റിപോര്‍ട്ടാണ് ആരോഗ്യമേഖലയില്‍ ആശങ്കയുയര്‍ത്തിയിട്ടുള്ളത്. നിര്‍മാണത്തില്‍ കമ്പനി വേണ്ടത്ര സുരക്ഷയും ഗുണനിലവാരപരിശോധയും നടത്തിയിട്ടില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൊവിഡ് വൈറസ് എത്തിയാല്‍ അതിനെ നശിപ്പിക്കുകയോ ഇരട്ടിക്കുന്നത് തടയുകയോ ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ കൊവാക്‌സിന്‍ എടുക്കുന്നതുതന്നെ കൊവിഡിനു കാരണമായേക്കുമോയെന്നാണ് ബ്രസീല്‍ അധികാരികളുടെ റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. കൊവാക്‌സിന്റെ വിവിധ ഡോസുകളിലെ പൊട്ടന്‍സി വിവിധ അളവുകളാണെന്ന ഞെട്ടിക്കുന്ന മറ്റൊരു വിവരവും പുറത്തുവന്നു. വാക്‌സിന്‍ എടുക്കുന്നവരെത്തന്നെ ഇത് രോഗികളാക്കിയേക്കാം. റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ബ്രസീല്‍ ഓര്‍ഡര്‍ റദ്ദാക്കി.
എന്നാല്‍ എല്ലാ ആരോപണങ്ങലും ഭാരത് ബയോടെക്ക് തള്ളിക്കളഞ്ഞു. വാ്ക്‌സിന്‍ സുരക്ഷിതമാണെന്നും ബ്രസീല്‍ ദേശീയവാദത്തിന്റെ ഇരയാണ് കമ്പനിയെന്നും ചെയര്‍മാന്‍ കൃഷ്ണ എല്ല പറഞ്ഞു. ഇന്ത്യന്‍ വാക്‌സിനെ പുറത്താക്കാനുള്ള ശ്രമമെന്നാണ് എല്ല അവകാശപ്പെട്ടത്.
കൊവാക്‌സിനു നേരെ സംശയം ഉയരുന്നത് ഇതാദ്യമല്ല. കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ഒട്ടും സുതാര്യതയില്ലെന്ന ആരോപണം നേരത്തെത്തന്നെ ഉയര്‍ന്നിരുന്നു. ഡിസംബര്‍ 2020ന് കൊവാക്‌സിന്‍ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ ആവശ്യമായ ഡാറ്റ സമര്‍പ്പിച്ചില്ലെന്ന് നേരത്തെത്തന്നെ റിപോര്‍ട്ടുണ്ടായിരുന്നു. വാക്‌സിന്‍ പരിശോധന നടന്ന ഭോപ്പാലിലെ ആശുപത്രിയിലും ചികില്‍സാ പിഴവ് ആരോപിക്കപ്പെട്ടു. ഇപ്പോള്‍ അന്‍വിസയുടെ ആരോപണം വീണ്ടും സംശയമുയര്‍ത്തിയിരിക്കുകയാണ്.
അടിയന്തര അനുമതി നല്‍കിയിട്ടും ഇതുവരെയും കമ്പനി അവരുടെ ഫലപ്രാപ്തിയെക്കുറിച്ചുളള ഡാറ്റ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിലെ ആരോഗ്യമേഖലയിലെ ഏറ്റവും പ്രധാനമായ സ്ഥാപനമായ ഐസിഎംആര്‍ പിന്തുണയോടെ ഗവേഷണം നടത്തിയ ഭാരത് ബയോടെക്കിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നത് അപകടകരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷണം വേണ്ട വിധത്തിലായിരുന്നെന്ന് ഉറപ്പുവരുത്താനും ഐസിഎംആറിന് ആയില്ല. അതിനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനും തയ്യാറായില്ല. സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ തന്നെയാണ് തെറ്റായ അവകാശവാദങ്ങളുമായി രംഗത്തുവന്നത്.
110 ശതമാനം സുരക്ഷിതമാണെന്നാണ് ട്രയല്‍ വിവരങ്ങള്‍ പുറത്തുവരും മുമ്പ് നീതി ആയോക് ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോള്‍ അവകാശപ്പെട്ടത്.
റെക്കോര്‍ഡ് സമയത്തിനുള്ളില്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ ക്രഡിറ്റ് സ്വന്തമാക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്.
ആഗോള നിലവാരം പാലിക്കുന്നതില്‍ ഇന്ത്യന്‍ അധികാരികള്‍ ശ്രദ്ധിക്കണമായിരുന്നെന്ന് വെല്ലൂര്‍ മൈക്രോബയോളജി വിഭാഗം മേധാവി ഗഗന്‍ദീപ് കാംങ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഇതുവരെ 9 ദശലക്ഷം കൊവാക്‌സിന്‍ വിതരണം ചെയ്തുകഴിഞ്ഞു.

