വയനാട് കമ്പളക്കാട് കുറിച്യ യുവാവ് വെടിയേറ്റു മരിച്ചതില്‍ ദുരൂഹത

Update: 2021-11-30 04:29 GMT

കല്‍പ്പറ്റ: കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ കുറിച്യ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. കോട്ടത്തറ മെച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ ജയന്‍ (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ്‍ (27) ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കോളനിയിലെ ചന്ദ്രപ്പന്‍, കുഞ്ഞിരാമന്‍ എന്നിവരോടൊപ്പമാണ് ഇവര്‍ രാത്രി പുറത്തു പോയത്. വെടിയേറ്റ ശേഷം ഇരുവരേയും കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജയന്‍ മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

വയനാട്ടിലെ കുറിച്യ കോളനികള്‍ കേന്ദ്രീകരിച്ച് വ്യാപകമായി കള്ളത്തോക്കുകള്‍ ഉപയോഗിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എയര്‍ ഗണ്‍ എന്ന വ്യാജേനയാണ് കള്ളത്തോക്കുകളുടെ ഉപയോഗം.

വയനാട്ടിലെ കുറിച്യര്‍ ഏറെയും ഉള്‍വനങ്ങളോട് ചേര്‍ന്നാണ് താമസിക്കുന്നത്. ഇത്തരം പ്രദേശങ്ങളിലെ ഭൂരിഭാഗം കുറിച്യ കോളനികളും സംഘ്പരിവാര്‍ നിയന്ത്രണ്രത്തിലുമാണ്. മൃഗവേട്ടക്കു പുറമെ വയനാട്ടിലെ കുറിച്യ കേന്ദ്രീകൃത മേഖലകളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നതിന്റെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. കൊലപാതകം അടക്കമുള്ള കേസുകളില്‍ പ്രതികളാവുന്ന കണ്ണൂര്‍ ജില്ലയിലെയും മറ്റും ആര്‍എസ്എസുകാര്‍ക്ക് ഒളി സങ്കേതമൊരുക്കുന്നത് വയനാട്ടിലെ ചില കുറിച്യ തറവാടുകളിലാണെന്ന ആരോപണവും നിലവിലുണ്ട്.