എംപിമാരുടെ സസ്‌പെന്‍ഷന്‍; പ്രതിപക്ഷം രാജ്യസഭാ ബഹിഷ്‌കരണം അവസാനിപ്പിച്ചേക്കുമെന്ന് സൂചന

Update: 2021-12-01 03:09 GMT

ന്യൂഡല്‍ഹി: 12 എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത സംഭവത്തെത്തുടര്‍ന്ന് ആരംഭിച്ച സഭാ ബഹിഷ്‌കരണം ഇന്ന് പിന്‍വലിച്ചേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇതുസംബന്ധിച്ച് സമാനചിന്താഗതിക്കാരായ പാര്‍ട്ടി പ്രതിനിധികളുമായി ഒരു ചര്‍ച്ച ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്.

12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍നവലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ എംപിമാര്‍ മാപ്പ് പറയാതെ പ്രശ്‌നം അവസാനിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്.

എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഖാര്‍ഗെ രാജ്യസഭാ സ്പീക്കര്‍ വെങ്കയ്യ നായിഡുവിന് കത്തയച്ചിട്ടുണ്ട്.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു സംഭവമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഖാര്‍ഗെ ജനാധിപത്യത്തിന്റെ വിശാലമായ താല്‍പര്യം മുന്‍നിര്‍ത്തി നടപടി പിന്‍വലിക്കണമെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

തങ്ങള്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് സര്‍ക്കാരിന് ബില്ലുകള്‍ പാസ്സാക്കുന്ന നടപടി എളുപ്പമാക്കിക്കൊടുക്കുമെന്ന നിരാശ പ്രതിപക്ഷത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റൊരു സാധ്യത അന്വേഷിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്. ഇന്ന് നടക്കുന്ന പ്രതിപക്ഷ എംപിമാരുടെ യോഗത്തിലാണ് അവസാന തീരുമാനമുണ്ടാവുക.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടയില്‍ സംഘര്‍ഷമുണ്ടാക്കിയെന്നാരോപിച്ചാണ് രാജ്യസഭയിലെ 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസം പെഗസസ് ചാര സോഫ്റ്റ് വെയര്‍ പ്രശ്‌നത്തില്‍ സഭയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേയായിരുന്നു നടപടി.

സിപിഎം എംപി എളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം, തൃണമൂല്‍ എംപി ശാന്താ ഛേത്രി, കോണ്‍ഗ്രസ്സിലെ സായിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിങ്, ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, ശിവസേനയിലെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി തുടങ്ങിയവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Tags: