'കടിച്ചുതൂങ്ങണോ വേണ്ടയോ എന്നത് രാഹുലിന് തീരുമാനിക്കാം, സസ്‌പെന്‍ഷന്‍ എന്നത് ശക്തമായ നടപടിയിലേക്ക് കടക്കുമെന്നതിന്റെ സൂചന': കെ മുരളീധരന്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ശക്തമായ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടിക്ക് മടിയില്ലെന്ന് കെ മുരളീധരന്‍. ഉമാ തോമസ് പറഞ്ഞത് കേരളത്തിലെ സ്ത്രീകളുടെ വികാരമാണെന്നും കോണ്‍ഗ്രസും യുഡിഎഫുമാണ് രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയായിട്ടും പാര്‍ട്ടിയില്‍ കടിച്ചുതൂങ്ങണോ വേണ്ടയോ എന്ന് രാഹുലിന് തീരുമാനിക്കാമെന്നും മുരളീധരന്‍ പറഞ്ഞു.
പുറത്തുവന്ന സംഭവങ്ങളില്‍ വിശദീകരണം നല്‍കാന്‍ രാഹുലിന് സമയമുണ്ടെന്നും നിലവിലെ സസ്‌പെന്‍ഷന്‍ എന്നത് സ്ഥിരം ഏര്‍പ്പാടല്ലെന്നും അദ്ദേഹമം പറഞ്ഞു. കൂടുതല്‍ കടുത്ത നടപടിയിലേക്ക് പോകാന്‍ പാര്‍ട്ടിക്ക് മടിയില്ല എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന സസ്‌പെന്‍ഷന്‍ എന്നും മുരളീധരന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നായിരുന്നു വി ഡി സതീശനെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ നിലപാട്. ഈ നിലപാടിനെ പിന്തുണച്ച് ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്തെത്തിയിരുന്നു. പിന്നീടാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ അടക്കമുള്ള നേതാക്കളുമായിട്ട് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആശയ വിനിമയം നടത്തിയത്. ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതാക്കിയുള്ള തീരുമാനം വേണം എടുക്കാനെന്നായിരുന്നു നേതാക്കളില്‍ ചിലരുടെ നിര്‍ദേശം.