സുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ സസ്പെൻഡ് ചെയ്തത് ഒമ്പത് പേരെ

Update: 2024-04-18 07:02 GMT

കല്‍പ്പറ്റ : സുഗന്ധഗിരി മരം മുറിയില്‍ സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌ന അടക്കം കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഫ്‌ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വനം വകുപ്പ് വിജിലന്‍സിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ റേഞ്ച് ഓഫീസര്‍ കെ നീതുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വനംവകുപ്പിലെ 18 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ. ഇതില്‍ 9 പേര്‍ക്കെതിരെ ഇതിനകം നടപടി എടുത്തു. ബാക്കിയുള്ള വാച്ചര്‍മാര്‍, ബീറ്റ് ഓഫീസര്‍മാര്‍ക്കുമെതിരെ ഉടന്‍ നടപടി എടുക്കും.

സുഗന്ധഗിരിയില്‍ അനധികൃത മരംമുറി നടന്ന സംഭവത്തില്‍ 18 ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വകുപ്പുതല അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്. വീടുകള്‍ക്ക് ഭീഷണിയായിരുന്ന 20 മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിന്റെ മറവില്‍ നൂറിലേറെ മരങ്ങള്‍ മുറിച്ചുകടത്തയെന്നതാണ് കേസ്.

Tags: