തലസ്ഥാനത്ത് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്പെൻഷനിലായ പോലിസ് ഉദ്യോഗസ്ഥന്റെ വധ ഭീഷണി

Update: 2023-01-20 15:43 GMT

തിരുവനന്തപുരം : സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ വധഭീഷണിമുഴക്കി. ഗുണ്ടാ ബന്ധത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടപടി നേരിട്ട മംഗലപുരം എഎസ്ഐ ജയനാണ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സാജിദിന് നേരെ ഭീഷണി മുഴക്കിയത്. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നാരോപിച്ചായിരുന്നു ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.

ഗുണ്ടാ ബന്ധത്തിൻറെ പേരിൽ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ സ്വീപ്പർ ഒഴികെ ബാക്കി 31 പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചു. സിനിമയെ പോലും വെല്ലുവിധം ഗുണ്ടാ മാഫിയാ- പൊലീസ് ബന്ധം പുറത്തുവന്നതോടെയാണ് നാണക്കേട് മാറ്റാനുള്ള കൂട്ട നടപടികളുണ്ടായത്. തലസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധമായ മംഗലപുരം സ്റ്റേഷനിലാണ് അടിമുടി ശുദ്ധികലശം. ഗുണ്ടാ ബന്ധത്തിൻറെ പേരിൽ എസ്എച്ച് ഒ സജേഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ അഞ്ച് പൊലീസുകാരെ കൂടി സസ്പെൻഡ് ചെയ്തു. ബാക്കിയുള്ളവരെ സ്ഥലമാറ്റി. ഇന്നലെ രാത്രിയാണ് കൂട്ട നടപടിയുണ്ടായത്. സ്റ്റേഷനിൽ ആകെയുണ്ടായിരുന്ന 32 പേരിൽ മാറ്റമില്ലാത്തത് ഒരു സ്വീപ്പർക്ക് മാത്രമാണ്. ഗുണ്ടകളായ ഷെമീറും ഷെഫീഖും ഒരു ദിവസം തന്നെ രണ്ട് തവണ സ്റ്റേഷൻ പരിധിയിൽ വെച്ച് പൊലീസിന് നേരെ ബോംബെറിഞ്ഞിരുന്നു.

Similar News