കുട്ടികളെ മോഷ്ടിക്കുന്നവരെന്ന് സംശയം; മഹാരാഷ്ട്രയില്‍ 4 സന്യാസികള്‍ക്കെതിരേ ആള്‍ക്കൂട്ട ആക്രമണം

Update: 2022-09-14 04:12 GMT

മുംബൈ: മഹാരാഷ്ട്രയിലെ സന്‍ഗ്ലിയില്‍ കുട്ടികളെ മോഷ്ടിക്കാനെത്തിയവരാണെന്ന സംശയത്തില്‍ നാല് സന്യാസികള്‍ക്കെതിരേ ആള്‍ക്കൂട്ടം ആക്രമണം നടത്തി. ജില്ലയിലെ ലവാന ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നിരവധി പേര്‍ നോക്കിനില്‍ക്കുമ്പോള്‍ ആള്‍ക്കൂട്ടം ഇവരെ ഒരു പലചരക്ക് കടയ്ക്കു മുന്നില്‍വച്ച് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പോലിസ് ഇതുവരെ കേസ് എടുത്തിട്ടില്ല. ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലിസ് പറയുന്നത്.

'സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ല. വൈറലായ വീഡിയോ പരിശോധിച്ച് നിജസ്ഥിതി അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും'- സാന്‍ഗ്ലി എസ് പി ദീക്ഷിത് ഗെദം പറഞ്ഞു.

മഹാരാഷ്ട്ര ബിജെപി എംഎല്‍എ രാം കദം സംഭവത്തെ അപലപിച്ചു. ഇത്തരം നടപടികള്‍ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

പാല്‍ഘാറിലെ സന്യാസികളെ കൊലപ്പെടുത്തിയതിനോട് അന്നത്തെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ശരിയായ രീതിയിലല്ല ഇടപെട്ടത്. ഇപ്പോഴത്തെ സര്‍ക്കാര്‍ ഇത്തരം അനീതികള്‍ വച്ചുപൊറുപ്പിക്കില്ല-2020ലെ പാര്‍ഘാര്‍ ആള്‍ക്കൂട്ട ആക്രമണത്തെ ഓര്‍മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.