ചാരവൃത്തിയെന്ന് സംശയം; പാകിസ്താനിലേക്ക് കടക്കാന്‍ നാഗ്പൂര്‍ യുവതി ആശ്രയിച്ചത് ഗൂഗിള്‍ മാപ്പെന്ന് പോലിസ്

Update: 2025-06-03 07:27 GMT

നാഗ്പൂര്‍: പാകിസ്താനിലേക്ക് കടക്കാന്‍ നാഗ്പൂര്‍ യുവതി ആശ്രയിച്ചത് ഗൂഗില്‍ മാപ്പെന്ന് പോലിസ്. കാര്‍ഗിലിലെ ഹണ്ടര്‍മാന്‍ ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ മാസമാണ് സുനിത ജാംഗഡെ എന്ന 43 കാരി നിയന്ത്രണ രേഖ കടന്നത്. തുടര്‍ന്ന് പാകിസ്താന്‍ സായുധ സേനയുടെ കസ്റ്റഡിയിലായിരുന്ന അവരെ ഈയടുത്ത് ഇന്ത്യക്ക് കൈമാറുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിലാണ് അതിര്‍ത്തി കടക്കാന്‍ താന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചെന്ന് യുവതി പറഞ്ഞത്.

അവരുടെ 12 വയസ്സുള്ള മകന്റെ മൊഴി പ്രകാരം ഇവര്‍ അവധിക്കാലം ആഘോഷിക്കാന്‍ മുമ്പ് ഭൂട്ടാനിലേക്കും നേപ്പാളിലേക്കും പോയിട്ടുണ്ടെന്നും പറയുന്നു. ആ യാത്രകള്‍ക്ക് വിസ ആവശ്യമില്ലെന്ന് പറഞ്ഞ സുനിത പാകിസ്താനും ഇത് ബാധകമാണെന്നു കരുതിയെന്നും പോലിസിനോട് പറഞ്ഞു.

ബിസിനസ് അവസരങ്ങള്‍ തേടിയാണ് പാകിസ്താന്‍ സന്ദര്‍ശിച്ചതെന്നും സുനിത ജംഗാഡെ നേരത്തെ മൊവി നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍, അയല്‍രാജ്യം സന്ദര്‍ശിക്കാനുള്ള ഏക ലക്ഷ്യം സുള്‍ഫിക്കറെന്ന വ്യക്തിയെ കാണലാണെന്ന് പിന്നീട് സമ്മതിക്കുകയായിരുന്നു. നാഗ്പൂര്‍ പോലിസ് നിലവില്‍ ഇവര്‍ക്കെതിരേ ചാരവൃത്തിക്ക് കേസെടുത്തു. കുട്ടി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.

സുനിതയുടെ ഫോണില്‍ സംശയാസ്പദമായ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് കപില്‍ നഗര്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് ആഡെ പറഞ്ഞു. ഫോണില്‍ ഒരു ചിപ്പ് സ്ഥാപിച്ചിട്ടുണ്ടോ എന്നും പോലിസ് പരിശോധിക്കുന്നുണ്ട്. കൂടുതല്‍ വിശകലനത്തിനായി ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു.

ചോദ്യം ചെയ്യലില്‍ പലപ്പോഴും സുനിത നല്‍കുന്ന മറുപടി പരസ്പര വിരുദ്ധമാണെന്നും ഇവര്‍ക്ക് പാകിസ്താനിലേക്ക് കടക്കാന്‍ എന്തെങ്കിലും പ്രദേശിക സഹായങ്ങള്‍ കിട്ടിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പോലിസ് പറഞ്ഞു. അതേസമയം, പോലിസ് കസ്റ്റഡിയുടെ കാലാവധി അവസാനിച്ച സ്ഥിതിക്ക് ഇവരെ ജുഡീഷ്യല്‍ കസ്‌ററഡിയിലേക്ക് മാറ്റുമെന്നാണ് വിവരം.

Tags: