കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. എറണാകുളം സ്വദേശി ഷാജിയെ കാക്കനാട് നിന്നാണ് പിടികൂടിയത്. പ്രതിയും യുവതിയും ഉള്‍പ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. പ്രതിയും യുവതിയും കാറില്‍ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പോലിസിന് ആദ്യം ലഭിച്ചത്. ശേഷം പ്രതി കാറില്‍ കയറിപ്പോകുമ്പോള്‍ ഷര്‍ട്ടില്‍ രക്തക്കറയുണ്ടെന്ന് പോലിസ് കണ്ടെത്തി. റെയില്‍വേ ട്രാക്കിന് സമീപത്ത് വച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലിസിന്റെ കണ്ടെത്തല്‍.
കോട്ടയം ചിങ്ങവനം സ്വദേശിനിയാണ് കൊല്ലപ്പെട്ടത് എന്നാണ് പോലിസ് സംശയിക്കുന്നത്. മൃതദേഹത്തിന് അടുത്തുനിന്ന് ലഭിച്ച ഫോണിലെ സിം കാര്‍ഡ് സുധ ബേബി എന്ന സ്ത്രീയുടെ പേരിലുള്ളതാണ്. ഈ സ്ത്രീയാവാം കൊല്ലപ്പെട്ടതെന്നാണ് പോലിസിന്റെ നിഗമനം.
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് റെയില്‍വേ ട്രാക്കിന് സമീപമുണ്ടായിരുന്ന മൃതദേഹം അമൃത എക്‌സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വൈറ്റില ഫ്‌ളൈഓവറിന് താഴെയുള്ള റെയില്‍വെ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃത്‌ദേഹം കണ്ട ലോക്കോപൈലറ്റ് ആദ്യം റെയില്‍വേയിലും തുടര്‍ന്ന് പോലിസിലും വിവരമറിയിച്ചു. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേര്‍ന്നും ശരീരഭാഗങ്ങള്‍ പുറത്തുമായുമാണ് കണ്ടെത്തിയത്. സ്ത്രീയുടെ മുഖത്തടക്കം പാടുകള്‍ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ഇതായിരുന്നു കൊലപാതകമാണെന്ന് പോലിസ് സംശയിക്കാനുണ്ടായ കാരണം. ട്രെയിനുകള്‍ കടന്നുപോകാത്ത ഉപയോഗിക്കാത്ത ട്രാക്കിനടുത്താണ് മൃതദേഹം കിടന്നിരുന്നത്.
