മാനസിക രോഗത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നതിനാലാണ് സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ വര്‍ഗീയത പറയുന്നത്: സി പി മുഹമ്മദ് ബഷീര്‍

യാഥാര്‍ത്ഥ്യം പലഘട്ടങ്ങളിലായി രേഖകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായിട്ടും കൃത്യമായ ഇടവേളകളില്‍ നുണകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് സുരേന്ദ്രന്‍ ചെയ്യുന്നത്

Update: 2021-02-13 10:47 GMT

പാലക്കാട്: മാനസിക രോഗത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നതിനാലാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ വര്‍ഗീയത പറയുന്നതെന്നും അതിനെ നിയന്ത്രിക്കാന്‍ ഭരണകൂടം തയ്യാറാവണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി ി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പാലക്കാട് നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോപുലര്‍ ഫ്രണ്ടിനെ കുറിച്ചും മുസ്‌ലിം സമുദായത്തെ കുറിച്ചും നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ കുറിച്ചും കല്ലുവെച്ച നുണകളാണ് സുരേന്ദ്രന്‍ പറഞ്ഞിട്ടുള്ളത്. യാഥാര്‍ത്ഥ്യം പലഘട്ടങ്ങളിലായി രേഖകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായിട്ടും കൃത്യമായ ഇടവേളകളില്‍ നുണകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് സുരേന്ദ്രന്‍ ചെയ്യുന്നത്.


മലബാര്‍ സംസ്ഥാനം രൂപീകരിക്കാന്‍ പോപുലര്‍ ഫ്രണ്ട് ആവശ്യമുന്നയിച്ചുവെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. പോപുലര്‍ ഫ്രണ്ട് അത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. അത്തരം ഒരു ആവശ്യം ഉന്നയിക്കുന്നത് തെറ്റാണെന്ന് പോപുലര്‍ ഫ്രണ്ടിന് അഭിപ്രായവുമില്ല. കേരളത്തില്‍ സര്‍ക്കാര്‍ പദ്ധതികളില്‍ മലബാറിനോട് കാണിച്ച അവഗണനയില്‍ പ്രതിഷേധിച്ചാണ് ഒരു മുസ്‌ലിം സംഘടനാ പ്രതിനിധി അത്തരം ഒരു ആവശ്യം ഉയര്‍ത്തിയത്. പുരോഗതിയും വികസന സന്തുലിതത്വവും ലക്ഷ്യം വെച്ചാണ് നാളിതുവരെ ജില്ലകളും സംസ്ഥാനങ്ങളും രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ അത്തരം ഒരാവശ്യം ഉന്നയിക്കുന്നതില്‍ തെറ്റില്ല.


പാലക്കാട്ടെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തെ ആരും ന്യായീകരിച്ചിട്ടില്ല. പരമാവധി ശിക്ഷ കിട്ടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനെ അന്താരാഷ്ട്ര ഇസ്‌ലാമിക ഭീകരതയായും മാനസിക രോഗമെന്ന നിലക്ക് അവഗണിച്ചതായും പറയുന്ന സുരേന്ദ്രന്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി. ആര്‍എസ്എസ് പ്രവര്‍ത്തകരും അനുഭാവികളും പ്രതികളായ നിരവധി വിധ്വംസക കേസില്‍ മാനസിക രോഗികളെന്ന ആനുകൂല്യത്തിലാണ് രക്ഷപ്പെട്ടത്. അതേ ആനുകൂല്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലുടനീളം വിദ്വേഷ പ്രചാരണം നടത്തുന്നത്.


വര്‍ഗീയ വിദ്വേഷം നടത്തി ജനങ്ങളെ തമ്മില്‍ തല്ലിക്കാനുള്ള ആര്‍എസ്എസ് അജണ്ടക്കെതിരെ ജനങ്ങള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സിഎ റഊഫ്, പാലക്കാട് ജില്ലാ പ്രസിഡന്റ് സി അബ്ദുല്‍ നാസര്‍ എന്നിവരും പങ്കെടുത്തു.




Tags: