സൂറത്ത് സിമി കേസ്: 20 വര്‍ഷത്തിനു ശേഷം 126 പേരെയും കോടതി കുറ്റവിമുക്തരാക്കി

Update: 2021-03-06 09:47 GMT

സൂറത്ത്: സൂറത്ത് സിമി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഴുവന്‍ പേരെയും വിചാരണക്കോടതി കുറ്റവിമുക്തരാക്കി. കേസ് ചുമത്തി ഇരുപത് വര്‍ഷത്തിനുശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. 2001ല്‍ അത്വ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ വിധി. നിരോധിത സംഘടനയായ സിമിയുടെ പേരില്‍ യോഗം ചേര്‍ന്നു എന്നതായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. എല്ലാ പ്രതികള്‍ക്കെതിരേയും യുഎപിഎ ചുമത്തുകയുംചെയ്തു. പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന് ആവശ്യമായ തെളിവ് ഹാജരാക്കാനായില്ലെന്ന് കേസ് പരിഗണിച്ച കോടതി നിരീക്ഷിച്ചു. യുഎപിഎ അനുസരിച്ച് കേസ് ചുമത്തുംമുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നില്ലെന്നും കോടതി കണ്ടെത്തി. 

അക്കി ദേശായി, ജാഗ്രൂപ് സിംഗ് രജ്പുത്, നയന്‍ സുഖദ്വാല എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. മുഖ്താര്‍ ഷെയ്ഖ്, അബ്ദുള്‍ വഹാബ് ഷെയ്ക്ക് എന്നിവര്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായി.

2001 ഡിസംബര്‍ 27-30 തിയ്യതികളിലായി സൂറത്തിലെ രാജശ്രീ ഹാളില്‍ മുസ് ലിംകളുടെ വിദ്യാഭ്യാസ അവകാശങ്ങളെക്കുറിച്ചുള്ള ആലോചനയ്ക്ക് വേണ്ടി ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു. 'ഇന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍' എന്ന തലക്കെട്ടില്‍ ഫോറം ഫോര്‍ മൈനോറിറ്റി എജുകേഷന്‍ എന്ന എന്‍.ജി.ഒയാണ് യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. സൂറത്തിലെ സലബത്പുര നിവാസിയായ അലിഫ് മജീദ് മന്‍സൂരി, എ ആര്‍ ഖുറേഷി എന്നിവരാണ് സമ്മേളന ഹാള്‍ ബുക്ക് ചെയ്തിരുന്നത്. ബെഗുമ്പുരയിലെ മ്രിഗ്വാന്‍ ടെക്രയിലെ ആസിഫ് ഇക്ബാല്‍ എന്ന ആസിഫ് അന്‍വര്‍ ഷെയ്ഖും കൊസമ്പയിലെ ഹനീഫ് മുല്‍ത്താനിയുമായിരുന്ന സംഘാടകര്‍. ഹാളില്‍ എത്തിയ പോലിസ് സമ്മേളനസ്ഥലം റെയ്ഡ് ചെയ്യുകയും പരിപാടിയുടെ നോട്ടിസുകള്‍ പിടിച്ചെടുക്കുകയും സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

അന്നത്തെ അത്വ പോലിസ് മേധാവി എം ജെ പഞ്ചോലിയോട് അഡി. ഡിജിപിയാണ് ഫാക്‌സ് സന്ദേശത്തിലൂടെ യോഗം നിര്‍ത്തിവപ്പിച്ച് സംഘാടകരെയും പങ്കെടുക്കുന്നവരെയും അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. നടക്കുന്നത് വിദ്യാഭ്യാസസമ്മേളനമല്ല, സിമി യോഗമാണെന്ന് പോലിസിന്റെ ആരോപണം.

കേസ് ആദ്യം പരിഗണിച്ച സിജെഎം കോടതി നേരത്തെത്തന്നെ പ്രതികളെ കുറ്റവിമുക്തരാക്കാന്‍ ഉത്തരവിട്ടിരുന്നു. 

30 വയസില്‍ താഴെയുള്ളവര്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ഥി യുവജന പ്രസ്ഥാനമായ സിമി നിരോധനത്തിന്റെ മറവില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും 40ലധികം പ്രായമുള്ളവരായിരുന്നു. 70 വയസുള്ള മൗലാന അത്വാഉ റഹ്മാന്‍ വജ്ദിയുള്‍പ്പെടെ സിമി പ്രവര്‍ത്തകരല്ലാത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അറിയപ്പെടുന്ന സാമൂഹ്യ സാമുദായിക പ്രവര്‍ത്തകരായിരുന്നു അധികവും. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം രണ്ട് വര്‍ഷത്തോളം വാര്‍ധക്യത്തിന്റെ അവശതകളുള്ള മൗലാനാ വജ്ദിയടക്കം തടവറയിലെ കഠിന പീഢനങ്ങള്‍ക്കിരയായി. ശേഷം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Tags: