നൂപുര്‍ ശര്‍മയുടെ കേസില്‍ സുപ്രിംകോടതിയുടെ പരാമര്‍ശം ജുഡീഷ്യല്‍ ധാര്‍മികതക്കെതിര്: ചീഫ് ജസ്റ്റിസിന് പ്രമുഖരുടെ തുറന്ന കത്ത്

Update: 2022-07-05 14:09 GMT

ന്യൂഡല്‍ഹി: മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയുടെ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ദിവാല എന്നിവര്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്കെതിരെ ഒരു കൂട്ടം മുന്‍ ജഡ്ജിമാരും ബ്യൂറോക്രാറ്റുകളും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്തെഴുതി. 

അഞ്ച് മുന്‍ ജഡ്ജിമാരും 77 മുന്‍ ബ്യൂറോക്രാറ്റുകളും 25 മുന്‍ സായുധസേനാ ഉദ്യോഗസ്ഥരും അടക്കമുള്ള രാജ്യത്തെ പ്രമുഖരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

ബോംബെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ക്ഷിതിജ് വ്യാസ്, മുന്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി എസ്.എം സോണി, രാജസ്ഥാന്‍ ഹൈക്കോടതി മുന്‍ ജഡ്ജിമാരായ ആര്‍.എസ്. റാത്തോഡ്, പ്രശാന്ത് അഗര്‍വാള്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി എസ്.എന്‍. ധിംഗ്ര എന്നിവര്‍ ഒപ്പുവച്ചവരില്‍ ഉള്‍പ്പെടുന്നു.

സുപ്രിംകോടതി ജഡ്ജിമാരുടെ അഭിപ്രായങ്ങള്‍ 'നിര്‍ഭാഗ്യകരവും കേട്ടുകേള്‍വിയില്ലാത്തതു'മാണെന്നും അവ  രാജ്യത്ത് ഞെട്ടലുണ്ടാക്കിയെന്നും കത്തില്‍ പറയുന്നു.

'വാര്‍ത്താ ചാനലുകള്‍ ഉച്ചത്തില്‍ സംപ്രേഷണം ചെയ്യുന്ന നിരീക്ഷണങ്ങള്‍ ജുഡീഷ്യല്‍ ധാര്‍മ്മികതയുമായി പൊരുത്തപ്പെടുന്നില്ല. വിധിയുടെ ഭാഗമല്ലാത്ത ഈ നിരീക്ഷണങ്ങളെ ഔചിത്യത്തിന്റെയും നീതിയുടെയും തലത്തില്‍ വെള്ളപൂശാന്‍ കഴിയില്ല. അത്തരം ലംഘനങ്ങള്‍ സമാനതകളില്ലാത്തതാണ്.

കോടതിയുടെ പ്രസ്താവനകളെ അപലപിക്കുന്ന കത്തില്‍, ഹരജിയില്‍ ഉന്നയിച്ച വിഷയവുമായി കോടതി നടത്തിയ നിരീക്ഷണങ്ങള്‍ക്ക് നിയമപരമായി യാതൊരു ബന്ധമില്ലെന്നും പറഞ്ഞു. നൂപുര്‍ ശര്‍മക്ക് നിയമപരമായ വിചാരണ നിഷേധിക്കപ്പെട്ടുവെന്നും കത്തില്‍ ആരോപിച്ചു.

തനിക്കെതിരായ എല്ലാ എഫ്‌ഐആറുകളും ഒന്നിച്ചാക്കാനുള്ള ശര്‍മ്മയുടെ അപേക്ഷ അംഗീകരിക്കപ്പെടേണ്ടതാണെന്ന് കത്തില്‍ ഒപ്പിട്ടവര്‍ പറഞ്ഞു. 'നൂപുരിന്റെ കേസ് മറ്റൊരു തലത്തില്‍ പരിഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. സുപ്രിം കോടതിയുടെ സമീപനം അഭിനന്ദനാര്‍ഹമല്ല. അത് പരമോന്നത കോടതിയുടെ പവിത്രതയെയും അന്തസ്സിനെയും ബാധിക്കുന്നു-കത്തില്‍ പറയുന്നു.

ഈ വിഷയത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്‌ഐആറുകളും ഡല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ ശര്‍മ്മയുടെ ഹരജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ദിവാല എന്നിവരുടെ ബെഞ്ച് വിവാദ പരാമര്‍ശം നടത്തിയത്. അവളുടെ ഹരജി കോടതി തള്ളി.

പ്രവാചകനെതിരായ നൂപുറിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ടതാണ് കേസ്.

'അവള്‍ രാജ്യത്തുടനീളം വികാരങ്ങള്‍ ആളിക്കത്തിച്ചു. രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ക്ക് ഈ സ്ത്രീ ഒറ്റയ്ക്ക് ഉത്തരവാദിയാണ്. അവള്‍ രാജ്യത്തോട് മാപ്പ് പറയണം,' ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പ്രവാചകനിന്ദ നടത്തിയ ശര്‍മ കലാപത്തിന് കാരണമായെന്നും അവര്‍ രാജ്യത്തോട് മാപ്പുപറയണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Similar News