ബാബരി ഭൂമി കേസില്‍ ജനുവരി പത്തു മുതല്‍ വാദം കേള്‍ക്കും
കേസ് അനന്തമായി വൈകിപ്പിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് രന്‍ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.
ന്യൂഡല്‍ഹി: ബാബരി ഭൂമി കേസില്‍ സുപ്രിംകോടതി ഈ മാസം പത്തു മുതല്‍ വാദം കേള്‍ക്കും. കേസ് അനന്തമായി വൈകിപ്പിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് രന്‍ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.
ഏത് ബെഞ്ച് വാദം കേള്‍ക്കണമെന്നും 10ന് കോടതി തീരുമാനിക്കും. കൂടാതെ ഏതൊക്കെ ഹരജികള്‍ പരിഗണിക്കണമെന്നതിലും അന്നു തീരുമാനമുണ്ടാവും.
കേസ് അനന്തമായി വൈകിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹരജികളും അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിനും രാംലല്ലക്കും നിര്‍മോഹി അഖാരക്കും വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ 14 അപ്പീലുകളാണ് ഇന്ന് കോടതിക്ക് മുമ്പാകെയെത്തിയത്.
അയോധ്യയിലെ ഭൂമിയില്‍ ബുദ്ധ ക്ഷേത്രം ആയിരുന്നുവെന്നും ഭൂമി ബുദ്ധ മത വിശ്വാസികളുടേതാണെന്നും അവകാശപ്പെട്ടു വിനീത് കുമാര്‍ മൗര്യ നല്‍കിയ റിട്ട് ഹരജിയും കോടതിയുടെ പരിഗണനയ്ക്കു വന്നിരുന്നു. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ബാബരി ഭൂമി കേസ് പരിഗണിച്ചത്.
നേരത്തെ കേസില്‍ വാദം കേട്ടിരുന്ന ബെഞ്ച് അംഗം മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പകരക്കാരനെ നിശ്ചയിക്കല്‍, ബെഞ്ച് പൂര്‍ണ പുനസംഘടന തുടങ്ങിയവയാവും ഈ മാസം പത്തിന് തീരുമാനിക്കുക. കേസില്‍ അടിയന്തിരമായി വാദം കേട്ട് ഉടന്‍ തീര്‍പ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരും ഉത്തര്‍ പ്രദേശ് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.
