കേരളത്തിലെ ഫ്‌ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു
ന്യൂഡല്‍ഹി: സംസ്ഥാനത്തെ പിവിസി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ക്കെതിരേ സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് പിവിസി ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ മൂലമുണ്ടാകുന്ന മലിനീകരണം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
ഇത് കേവലമൊരു ഇലക്ഷന്‍ സ്റ്റണ്ടാണെന്ന് നിരീക്ഷിച്ച കോടതി തിരഞ്ഞെടുപ്പിനു മുമ്പുള്ള ഈ നീക്കം സംസ്ഥാന സര്‍ക്കാരിനെ നാണം കെടുത്തുന്നതാണെന്നും വ്യക്തമാക്കി.
എന്നിരുന്നാലും ഫ്‌ലെക്സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഹരജിക്കാരന് അനുവാദം നല്‍കി.