സുപ്രിംകോടതി നടപടികള്‍ ലൈവ് സ്ട്രീമിങ് ആരംഭിച്ചു; ആദ്യ കേസ് ശിവസേന, വിമത ശിവസേന തര്‍ക്കം

Update: 2022-09-27 10:33 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ തല്‍സമയ സംപ്രേഷണത്തിനു തുടക്കമായി. ചരിത്രത്തിലാദ്യമാണ് കോടതി നടപടികള്‍ തല്‍സമയ സംപ്രേഷണം നടത്തുന്നത്. ശിവസേനയിലെ ഉദ്ദവ് താക്കറെ വിഭാഗവും ഷിന്‍ഡെ വിഭാഗവും തമ്മിലുള്ള തര്‍ക്കമാണ് സംപ്രേഷണം ചെയ്ത ആദ്യ കേസ്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കഴിഞ്ഞ ആഗസ്റ്റിലാണ് സുപ്രിംകോടതി ശിവസേനയിലെ രണ്ട് വിഭാഗങ്ങള്‍ക്കിടയിലുണ്ടായ തര്‍ക്കങ്ങള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടത്. കൂറുമാറ്റം, ലയനം, അയോഗ്യത തുടങ്ങി എട്ട് ചോദ്യങ്ങളാണ് കോടതി പരിഗണിക്കുന്നത്.

പാര്‍ട്ടിയിലെ തര്‍ക്കത്തെത്തുടര്‍ന്നാണ് ഷിന്‍ഡെ പക്ഷവും ഉദ്ദവ് പക്ഷവും അകന്നത്. ആരാണ് പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗമെന്നാണ് കോടതി പരിശോധിക്കുക.

അയോഗ്യത, സ്പീക്കറുടെയും ഗവര്‍ണറുടെയും അധികാരം, ജുഡീഷ്യല്‍ അവലോകനം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട സുപ്രധാന ഭരണഘടനാ പ്രശ്‌നങ്ങളാണ് ഹരജികളില്‍ ഉന്നയിക്കുന്നതെന്ന് കോടതി പറഞ്ഞിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതുമായ അംഗങ്ങളുടെ കൂറുമാറ്റം തടയുന്നതിന് ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ വ്യവസ്ഥകളുണ്ട്. കൂടാതെ കൂറുമാറ്റങ്ങള്‍ക്കെതിരെ കര്‍ശനമായ വ്യവസ്ഥകളുമുണ്ട്.

യുട്യൂബിനു പകരം നടപടിക്രമങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതിന് സുപ്രിംകോടതിക്ക് അതിന്റേതായ 'പ്ലാറ്റ്‌ഫോം' ഉടന്‍ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ അടുത്തിടെ നടന്ന ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് ലൈവ് സ്ട്രീമിങ്ങിന് തീരുമാനമെടുത്തത്. നാല് വര്‍ഷം മുമ്പ് ജസ്റ്റിസ് മിശ്രയാണ് ലൈവ്‌സ്്ട്രീമിങ് ആരംഭിക്കുന്നതിനെ സംബന്ധിച്ച ആദ്യ നടപടി സ്വീകരിച്ചത്.

അതേസമയം എന്‍ഐസിയുടെ വെബ്കാസ്റ്റ് പോര്‍ട്ടലില്‍ മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിരമിച്ച ദിവസം സുപ്രിം കോടതി അതിന്റെ നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു.

Tags: